
സിംഗപ്പൂരിനും ഹോങ്കോങ്ങിനും പിന്നാലെ, ഇന്ത്യൻ കമ്പനികളുടെ കറിപൗഡറുകൾക്ക് നിരോധനവുമായി നേപ്പാളും. എവറസ്റ്റ്, എംഡിഎച്ച് എന്നീ കമ്പനികൾ ഉത്പാദിപ്പിക്കുന്ന മസാലകളുടെ ഉപഭോഗവും വിൽപ്പനയുമാണ് നിരോധിച്ചിരിക്കുന്നത്. ഉൽപ്പന്നങ്ങളിൽ ദോഷകരമായ രാസവസ്തുക്കളുടെ അംശത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് പുതിയ നടപടി.
നേപ്പാളിലെ ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി കൺട്രോൾ വകുപ്പ് രണ്ട് ഇന്ത്യൻ ബ്രാൻഡുകളിൽ നിന്നുള്ള മസാലകളിലും ക്യാൻസറിന് കാരണമാകുന്ന എഥിലീൻ ഓക്‌സൈഡിന്റെ സാന്നിദ്ധ്യമുള്ളതായാണ് കണ്ടെത്തിയിട്ടുള്ളത്. എം.ഡി.എച്ച്, എവറെസ്റ്റ് എന്നീ ബ്രാൻഡുകളുടെ സുഗന്ധവ്യഞ്ജന പൊടികളുടെ ഇറക്കുമതി നിരോധിക്കുകയാണ്.
രണ്ട് ബ്രാൻഡിന്റേയും ഉൽപന്നങ്ങൾ മാർക്കറ്റുകളിൽ വിൽക്കുന്നതിനും നിരോധനമുണ്ടെന്ന് നേപ്പാൾ ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് വക്താവ് മോഹൻ കൃഷ്ണ മഹാരാജൻ അറിയിച്ചു. രണ്ട് ബ്രാൻഡുകളുടെ ഉൽപന്നങ്ങളിൽ എന്തൊക്കെ രാസവസ്തുക്കളാണ് അടങ്ങിയിട്ടുള്ളതെന്ന് കണ്ടെത്താൻ പരാിശോധന തുടരുകയാണ്. അന്തിമ റിപ്പോർട്ട വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും നേപ്പാൾ അറിയിച്ചു.