
കാഠ്മണ്ഡു: നേപ്പാളില്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിനെ പുറത്താക്കാന്‍ നേപ്പാളി കോണ്‍ഗ്രസും കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റും (സിപിഎന്‍-യുഎംഎല്‍) ധാരണയിലേക്ക്. നേപ്പാളി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷെര്‍ ബഹാദൂര്‍ ദുബെയും സിപിഎന്‍ യുഎംഎല്‍ ചെയര്‍മാനും മുന്‍ പ്രധാനമന്ത്രിയുമായ കെ.പി ശര്‍മ ഒലിയും തമ്മില്‍ തിങ്കളാഴ്ച അര്‍ധരാത്രി നടന്ന ചര്‍ച്ചയിലാണ് പുതിയ സഖ്യം രൂപീകരിക്കാന്‍ തീരുമാനിച്ചത്.
മുന്‍ പ്രധാനമന്ത്രിമാരായ 78 കാരനായ ദുബെയും 72 കാരനായ ഒലിയും പാര്‍ലമെന്റിന്റെ ശേഷിക്കുന്ന കാലയളവിലേക്ക് പ്രധാനമന്ത്രി സ്ഥാനം പങ്കിടാന്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
275 അംഗ ജനപ്രതിനിധി സഭയില്‍ സിപിഎന്‍-യുഎംഎല്‍ ന് 78 സീറ്റുകളും നേപ്പാളി കോണ്‍ഗ്രസിന് 89 സീറ്റുകളുമാണുള്ളത്. അവരുടെ ആകെ അംഗബലം 167 ആണ്, ഭൂരിപക്ഷത്തിന് ആവശ്യമായ 138 സീറ്റുകളേക്കാള്‍ കൂടുതലാണിത്.
അതേസമയം, നേപ്പാളി കോണ്‍ഗ്രസും സിപിഎന്‍-യുഎംഎല്ലും തമ്മില്‍ ധാരണയുണ്ടായിട്ടും സ്ഥാനമൊഴിയാന്‍ പ്രചണ്ഡ തയ്യാറായില്ല. സ്ഥാനമൊഴിയുന്നതിനേക്കാള്‍ പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പ് നേരിടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പാര്‍ട്ടി ഭാരവാഹികളോട് പറഞ്ഞതായാണ് വിവരം. സര്‍ക്കാരിനെ താഴെയിറക്കാനും നേപ്പാളില്‍ അസ്ഥിരത സൃഷ്ടിക്കാനുമുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. ഒന്നര വര്‍ഷത്തെ ഭരണത്തിനിടെ പാര്‍ലമെന്റില്‍ നാല് വിശ്വാസ വോട്ടുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. എന്നാല്‍, തുടര്‍ച്ചയായ വിശ്വാസ വോട്ടുകളില്‍ അദ്ദേഹത്തിന്റെ പിന്തുണ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.