ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ വീട്ടിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ ചിത്രങ്ങളടക്കം പുറത്തുവിട്ട് ഇസ്രയേൽ. ശനിയാഴ്ച നടന്ന ഡ്രോൺ ആക്രമണ ശ്രമം നെതന്യാഹുവിന്‍റെ കിടപ്പുമുറി ലക്ഷ്യമാക്കിയായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇസ്രായേൽ സൈന്യത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആക്രമണത്തിൽ കേടുപാട് പറ്റിയ വീടിന്റെ ദൃശ്യങ്ങൾ പുറത്തുവിടുന്നത് നേരത്തെ ഇസ്രായേൽ സൈന്യം തടഞ്ഞിരുന്നു. സംഭവം നടന്ന് നാലാം ദിവസമാണ് നെതന്യാഹുവിന്റെ കിടപ്പുമുറിക്ക് നേരെയാണ് ആക്രമണം ഉണ്ടായതെന്ന വിശദീകരണത്തോടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സ്‌ഫോടനത്തിൽ ഒരു മുറിയുടെ ജനൽ ചില്ല് തകർന്നെങ്കിലും വീട്ടിനുള്ളിലേക്ക് ഡ്രോൺ തുളച്ചുകയറിയില്ലെന്ന് സൈന്യം വ്യക്തമാക്കി. സംഭവ സമയത്ത് നെതന്യാഹുവും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ലെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും സൈന്യം വ്യക്തമാക്കിയതായി റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.
അതിനിടെ നെതന്യാഹുവിന്റെ വസതിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഹിസ്ബുള്ള അറിയിച്ചു. ഹിസ്ബുല്ലയുടെ മീഡിയ ഓഫിസ് മേധാവി മുഹമ്മദ് അഫീഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലബനാനിൽനിന്ന് വിക്ഷേപിച്ച മൂന്ന് ഡ്രോണുകളിലൊന്നാണ് വീടിനുനേരെ ചെന്നതെന്നും ഹിസ്ബുള്ള വിവരിച്ചിട്ടുണ്ട്.