ലോകം മുഴുവൻ ഇസ്രയേൽ തേടിയ ആ ചാരൻ നെതന്യാഹുവിന്‍റെ ‘വിശ്വസ്തൻ’! അതീവ രഹസ്യം ചോർത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും!

ടെൽ അവീവ്: ഇസ്രയേലിന്‍റെ യുദ്ധ രഹസ്യങ്ങളുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങൾ ചോർത്തിയ ചാരനെ ഒടുവിൽ ഇസ്രായേൽ കണ്ടെത്തിയെന്ന് റിപ്പോ‍ർട്ട്. ലോകം മുഴുവൻ ഇസ്രായേൽ തേടിയ ആ ചാരൻ യഥാർത്ഥത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിശ്വസ്തനും അനൗദ്യോഗിക വക്താവുമായ എലി ഫെൽഡ്‌സ്റ്റൈൻ ആണു വിവരങ്ങൾ ചോർത്തിയതെന്നാണ് ഏറ്റവും പുതിയ വിവരം.

പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട മൂന്നുപേരും ചോര്‍ച്ചയില്‍ ഭാഗമായിട്ടുണ്ടെന്നും വ്യക്തമായതായി ടൈംസ് ഓഫ് ഇസ്രായേലടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരത്തെ അമേരിക്കയ്ക്കു കൈമാറിയ ഇറാനെതിരായ പ്രത്യാക്രമണ പദ്ധതികൾ വിവരിക്കുന്ന റിപ്പോർട്ട് ചോർന്നത് വലിയ വിവാദമായിരുന്നു. യു എസ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥർക്കെതിരെ ഇതിന്‍റെ ആരോപണമുന ഉയരുന്നതിനിടെയാണ് പുതിയ കണ്ടെത്തൽ പുറത്തുവരുന്നത്.

രഹസ്യവിവരങ്ങൾ ചോർന്ന കേസിൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് തെൽ അവീവിലെ റിഷോൺ ലെസിയോൺ മജിസ്‌ട്രേറ്റ് കോടതി നേരത്തെ തടഞ്ഞിരുന്നു. ഈ ഗാഗ് ഉത്തരവ് കഴിഞ്ഞ ദിവസം കോടതി പിൻവലിച്ചതോടെയാണു മുഖ്യപ്രതിയുടെ പേരുവിവരങ്ങൾ പുറത്തായത്. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ വക്താക്കളിലൊരാളാണ് എലി ഫെൽഡ്‌സ്റ്റൈൻ. ഇയാളാണു ദേശസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യവിവരങ്ങൾ യൂറോപ്യൻ മാധ്യമങ്ങൾക്കു ചോർത്തിനൽകിയതെന്ന് കോടതി ഉത്തരവിൽ പറയുന്നു.

കേസിൽ മറ്റു മൂന്നു പ്രതികളുമുണ്ട്. ഇവരുടെ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നത് കോടതി തടഞ്ഞിട്ടുണ്ട്. പ്രതിരോധ വകുപ്പുമായി ബന്ധമുള്ള ഉദ്യോഗസ്ഥരാണു മൂന്നുപേരുമെന്നാണു വിവരം. ഇസ്രായേൽ സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും ഐഡിഎഫും ഉയർത്തിയ സംശയങ്ങൾക്കു പിന്നാലെയാണു സംഭവത്തിൽ അന്വേഷണം ആരംഭിച്ചതെന്ന് കോടതി പറഞ്ഞു. ഐഡിഎഫിൽനിന്നു രഹസ്യവിവരങ്ങൾ കൈപ്പറ്റിയ ശേഷം ചോർത്തിനൽകുകയാണ് ഇവർ ചെയ്തത്. ദേശീയസുരക്ഷയ്ക്ക് ഗുരുതരമായ പരിക്കുണ്ടാക്കുമെന്ന ആശങ്കകൾ ഇതിനു പിന്നാലെ ഉയർന്നിട്ടുണ്ട്. ഗസ്സയിലുള്ള ബന്ദികളെ മോചിപ്പിക്കുക എന്ന പ്രതിരോധസേനയുടെ ലക്ഷ്യം കൈവരിക്കുന്നതിനും ഇതു തിരിച്ചടിയാകുമെന്നും ഇസ്രായേൽ കോടതി ചൂണ്ടിക്കാട്ടി.