ജറുസലേം: ഹമാസിനും ഹിസ്‌ബുള്ളക്കും ഇറാനും എതിരെയടക്കം കഠിനമായൊരു യുദ്ധകാലത്തിലൂടെയാണ് ഇസ്രായേൽ കടന്നുപോകുന്നത്. അത്രമേൽ ശക്തമായൊരു യുദ്ധകാലത്തും കടുത്ത തീരുമാനമെടുത്തിരിക്കുകയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധ സാഹചര്യം തീവ്രമായ ഘട്ടത്തിലും രാജ്യത്തിന്റെ പ്രതിരോധമന്ത്രിയെ നെതന്യാഹു പുറത്താക്കി എന്നതാണ് ഏവരെയും ഞെട്ടിക്കുന്ന വാർത്ത. പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനെയാണ് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയത്.
ഗാസ യുദ്ധത്തിലുടനീളം ഗലാന്റും നെതന്യാഹുവും തമ്മിൽ പരസ്പരം കൊമ്പുകോർത്തിരുന്നു. ഗലാന്റിന് ഒട്ടേറെ വീഴ്ചകൾ ഉണ്ടായതായി ബെന്യാമിൻ നെതന്യാഹു തന്നെ പറയുകയും ചെയ്തിരുന്നു. 2023 മാർച്ചിൽ തനിക്കെതിരെ ഇസ്രായേലിൽ വ്യാപക തെരുവ് പ്രതിഷേധങ്ങൾ നടന്നപ്പോൾ പ്രതിരോധ മന്ത്രിയെ പുറത്താക്കാൻ നെതന്യാഹു ശ്രമിച്ചിരുന്നു. എല്ലാത്തിനും ഒടുവിലാണ് ഇപ്പോൾ പുറത്താക്കൽ യഥാർഥ്യമായത്. പ്രതിരോധ വകുപ്പ് മന്ത്രിയായി ഇസ്രയേൽ കാറ്റ്സ് ചുമതലയേൽക്കുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം.