ജറുസലേം: ഹിസ്ബുള്ളയ്‌ക്കെതിരെ മാരകമായ ആക്രമണത്തിന് ഇസ്രയേല്‍ തയ്യാറെടുക്കുന്നു. ഇറാന്‍ പിന്തുണയുള്ള ഹസ്ബുള്ള കഴിഞ്ഞ ദിവസം ഇസ്രായേലില്‍ നടത്തിയ ഏറ്റവും മാരകമായ ആക്രമണത്തിന് ഒരു ദിവസത്തിന് ശേഷം, തിങ്കളാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹിസ്ബുള്ളയെ ദയയില്ലാതെ ആക്രമിക്കുമെന്ന് വ്യക്തമാക്കി.
ഇസ്രായേലി താവളത്തിന് നേരെ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണത്തില്‍ ഞായറാഴ്ച നാല് സൈനികര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിരുന്നു. പിന്നാലെയാണ് ഹിസ്ബുള്ളയ്‌ക്കെതിരെ നിഷ്‌കരുണം ആക്രമണത്തിനൊരുങ്ങുന്നുവെന്ന് നെതന്യാഹു വ്യക്തമാക്കുന്നത്. ബെയ്റൂട്ട് ഉള്‍പ്പെടെ ലെബനന്റെ എല്ലാ ഭാഗങ്ങളിലും തങ്ങള്‍ ഹിസ്ബുള്ളയെ നിഷ്‌കരുണം ആക്രമിക്കുന്നത് തുടരുമെന്നാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.
സെപ്റ്റംബര്‍ 23 ന് ലെബനനിലെ ലക്ഷ്യങ്ങള്‍ക്കെതിരെ ഇസ്രായേല്‍ ബോംബാക്രമണം വര്‍ദ്ധിപ്പിച്ചതിനുശേഷം, യുദ്ധത്തില്‍ കുറഞ്ഞത് 1,315 പേര്‍ കൊല്ലപ്പെട്ടുവെന്ന് ലെബനന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.