ജറുസലേം: ഏകദേശം 60 വര്‍ഷമായി ഇസ്രായേല്‍ കൈവശപ്പെടുത്തിയ ഗോലാന്‍ കുന്നുകള്‍ എന്നെന്നും ഇസ്രായേലിന്റേതായി തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജറുസലേമില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഗോലാന്‍ കുന്ന് ഇസ്രയേലിന്റെ ഭാഗമെന്ന് അംഗീകരിച്ചതിന് നിയുക്ത യു.എസ് പ്രസിഡന്റിന് നെതന്യാഹു നന്ദിയും പറഞ്ഞു. 1981-ലാണ് ഈ ഭാഗം ഇസ്രായേല്‍ പിടിച്ചടക്കിയത്. ആദ്യവട്ടം പ്രസിഡന്റായപ്പോള്‍ ഈ പ്രദേശം എന്നെന്നേക്കുമായി ഇസ്രായേല്‍ രാജ്യത്തിന്റെ ഭാഗമായി അംഗീകരിക്കുമെന്നാണ് ട്രംപ് പറഞ്ഞത്.
വിമതര്‍ സിറിയയില്‍ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം, സിറിയ അതിര്‍ത്തിയിലുള്ള ബഫര്‍ സോണ്‍ ഇസ്രയേല്‍ സൈന്യം ഏറ്റെടുത്തത് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ സൈന്യം പ്രദേശം ഏറ്റെടുത്തത് താല്‍ക്കാലിക നീക്കമാണെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍ തിങ്കളാഴ്ച പറഞ്ഞു. ഇസ്രായേല്‍ സൈന്യം അതിര്‍ത്തി നിര്‍ണയിച്ച ബഫര്‍ സോണിനപ്പുറം ഹെര്‍മോണ്‍ പര്‍വതത്തിന്റെ ചരിവുകളിലേക്ക് നീങ്ങിയതായി സാറും ഒരു ഇസ്രായേല്‍ സര്‍ക്കാര്‍ വക്താവും സ്ഥിരീകരിച്ചു.
അതേസമയം, 1974-ല്‍ ഇസ്രായേലും സിറിയയും തമ്മിലുള്ള കരാറിന്റെ ലംഘനമാണ് ഗോലാന്‍ കുന്നുകളുടെ അരികിലുള്ള ബഫര്‍ സോണിലേക്ക് ഇസ്രായേല്‍ സൈനികര്‍ നീങ്ങിയതിലൂടെ നടത്തിയതെന്ന് തിങ്കളാഴ്ച യുഎന്‍ വക്താവ് കുറ്റപ്പെടുത്തി.