![](https://www.nrireporter.com/wp-content/uploads/2024/04/nethanyahu-1.jpg)
ന്യൂഡല്‍ഹി: ഇറാനില്‍ നിന്നുള്ള പ്രതികാര ആക്രമണത്തെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കുടുംബത്തോടൊപ്പം താമസം മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. സുരക്ഷാ മുന്‍ കരുതലിന്റെ ഭാഗമായി നെതന്യാഹു യുഎസ് ശതകോടീശ്വരന്‍ സൈമണ്‍ ഫാലിക്കിന്റെ ‘മിസൈല്‍ പ്രൂഫ്’ വസതിയിലേക്ക് വാരാന്ത്യത്തില്‍ താമസം മാറിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഒക്ടോബര്‍ 7 ആക്രമണത്തെത്തുടര്‍ന്ന് ഹമാസിനെതിരായ ഇസ്രായേലിന്റെ യുദ്ധത്തിന്റെ തുടക്കത്തില്‍, നെതന്യാഹു കുടുംബം ജറുസലേമിലെ ടാല്‍പിയോട്ട് സമീപപ്രദേശത്തുള്ള ഫാലിക്കിന്റെ വീട്ടിലേക്ക് മാറിയിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നീട് അവിടെ നിന്നും അദ്ദേഹം ജറുസലേമിലെ വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ഇറാന്റെ ആക്രമണത്തെക്കുറിച്ചുള്ള ഭയം ശക്തമായതിനെത്തുടര്‍ന്ന് ബങ്കറുള്ള ഫാലിക്കിന്റെ വീട്ടില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി കഴിഞ്ഞ രാത്രി ചെലവഴിച്ചതായി പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ വാല റിപ്പോര്‍ട്ട് ചെയ്തു.
സൈമണ്‍ ഫാലിക് ഒരു വ്യവസായിയും സ്വകാര്യമായി ഡ്യൂട്ടി ഫ്രീ റീട്ടെയില്‍ കമ്പനിയായ ഫാലിക് ഗ്രൂപ്പ് നടത്തുന്ന മൂന്ന് സഹോദരന്മാരില്‍ ഒരാളുമാണ്. ഫ്‌ലോറിഡയിലെ മിയാമിയില്‍ ആസ്ഥാനമായുള്ള ഫാലിക് ഗ്രൂപ്പ്, ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിലും യാത്രയുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലും ഡ്യൂട്ടി ഫ്രീ സ്റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. പെര്‍ഫ്യൂമുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഫാഷന്‍ ആക്‌സസറികള്‍ തുടങ്ങിയ ആഡംബര വസ്തുക്കള്‍ വില്‍ക്കുന്നതിന് പേരുകേട്ടതാണ് ഇവരുടെ കമ്പനി.