ഡ്രോൺ ആക്രമണത്തിന് സാധ്യത, നെതന്യാഹു അതീവ സുരക്ഷയുള്ള ഭൂഗർഭ അറയിലേക്ക് മാറിയെന്ന് റിപ്പോർട്ട്

ടെൽഅവീവ്: ഇറാനും ഹിസ്ബുള്ളക്കും ഹമാസിനുമെതിരായ യുദ്ധ സാഹചര്യം നിലനിൽക്കുന്നതിനാൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അതീവ സുരക്ഷ സംവിധാനമുള്ള ബങ്കറിലേക്ക് താമസം മാറ്റിയെന്ന് റിപ്പോർട്ട്. ഡ്രോൺ ആക്രമണ ഭീതിയാണ് കാരണമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസിന് താഴെയുള്ള അതീവ സുരക്ഷ സംവിധാനങ്ങളുള്ള ഭൂഗർഭ അറയിലാണ് നെതന്യാഹു എന്നാണ് ഇസ്രായേൽ മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രിയുടെ ദൈനം ദിന യോഗങ്ങളടക്കം ചേരുന്നത് ഈ ബങ്കറിലാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

സാധാരണ പ്രധാനമന്ത്രിയുടെ ഓഫിസി​ന്റെ മുകൾനിലയിലുള്ള മുറിയിലാണ് യോഗങ്ങൾ ചേരാറുള്ളത്. സുരക്ഷ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരണമാണ് നെതന്യാഹു താമസം ബങ്കറിലേക്ക് മാറ്റിയത്. കൂടുതൽ സമയം ഒരേ സ്ഥലത്ത് കഴിയാതെ പലയിടങ്ങളിൽ മാറിമാറി നിൽക്കണമെന്നാണ് നെതന്യാഹുവിന് ൽകിയ നിർദേശം. മാത്രമല്ല, നെതന്യാഹുവിന്റെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. സുരക്ഷ ഭീഷണി കണക്കിലെടുത്ത് നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവെക്കുന്നത് ആലോചിച്ചിരുന്നു.

ഒക്ടോബർ 25ന് ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെയും നെതന്യാഹുവും പ്രതിരോധ മന്ത്രിയായിരുന്ന ഗാലന്റും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറിയിരുന്നു. ഇറാന്റെ ഭാഗത്തുനിന്നു തിരിച്ചടി മുന്നിൽകണ്ടായിരുന്നു നീക്കം. ആക്രമണസമയത്തെല്ലാം ഭൂഗർഭ അറയിലെ ബങ്കറുകളിലാണ് ഇരുവരും കഴിഞ്ഞതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ഒക്ടോബർ 13ന് സീസറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്കു നേരെ ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തിയിരുന്നു. തെൽ അവീവിലെ സൈനിക താവളങ്ങളും പ്രധാന വിമാനത്താവളം ഉൾപ്പെടെ ലക്ഷ്യമിട്ട് ഹൂതി മിസൈൽ ആക്രമണവും നടന്നിരുന്നു. ഏതുസമയവും ഇറാന്റെ പ്രത്യാക്രമണവും ഇസ്രായേൽ പ്രതീക്ഷിക്കുന്നുണ്ട്.

More Stories from this section

family-dental
witywide