അച്ഛനെ തിരയുന്ന മകനെ കണ്ട് ദുരന്തഭൂമിയില്‍ വിങ്ങിപ്പൊട്ടി മന്ത്രി; ജനകീയ തെരച്ചിലിൽ ഇന്ന് 3 ശരീരഭാഗങ്ങൾ കിട്ടി; കനത്ത മഴ, തെരച്ചിൽ നിർത്തി

കല്‍പറ്റ: വയനാട് ദുരന്തഭൂമിയില്‍ വികാരാധീനനായി പൊട്ടിക്കരഞ്ഞ് മന്ത്രി എ കെ ശശീന്ദ്രന്‍. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള ജനകീയ തിരച്ചിലില്‍ ഇന്ന് മന്ത്രിയും പങ്കെടുത്തിരുന്നു. ഇതിനിടെ അച്ഛനെ തിരയുന്ന മകനെ കണ്ടപ്പോഴാണ് മന്ത്രി ദുരന്തഭൂമിയില്‍ പൊട്ടിക്കരഞ്ഞത്. ഇങ്ങനെയൊരു കാഴ്ചയ്ക്ക് സാക്ഷിയാകേണ്ടിവരുമെന്ന് ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇവരോട് ഞാന്‍ എന്തുത്തരം പറയും. ഇവരെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും പറഞ്ഞായിരുന്നു മന്ത്രി പൊട്ടിക്കരഞ്ഞത്.

മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ ഇത്രയേ ആയുസുള്ളൂവെന്നും നമ്മുടെ ജീവിതത്തിലൊക്കെ എന്ത് ദുരന്തമാണ് ഉണ്ടാവുകയെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുകയെന്നും മന്ത്രി ചോദിച്ചു. എല്ലാവരും നമ്മുടെ ബന്ധുക്കളാണ്. ജീവിതത്തില്‍ പ്രത്യേകഘട്ടത്തില്‍ വഴിമുട്ടിനില്‍ക്കുന്നവര്‍ക്ക് നമ്മുടെ വാക്കും പ്രവര്‍ത്തനങ്ങളും ആത്മവിശ്വാസം നല്‍കുന്നതായിരിക്കണം. അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടു വരേണ്ടത് എല്ലാവരുടേയും കൂട്ടായ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം വയനാട് മുണ്ടക്കൈയിൽ ഇന്ന് നടത്തിയ രണ്ടാം ഘട്ട ജനകീയ തെരച്ചിലിൽ മൂന്ന് ശരീരഭാഗങ്ങൾ കിട്ടിയതായി അധികൃതർ അറിയിച്ചു. പരപ്പൻപാറയിൽ സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. പരപ്പൻപാറയിലെ പുഴയോട് ചേർന്നുള്ള ഭാഗത്ത് നിന്ന് രണ്ട് ശരീരഭാഗങ്ങളും പരപ്പൻ പാറയിലെ മറ്റൊരു സ്ഥലത്ത് നിന്നും ഒരു ശരീര ഭാഗവുമാണ് കണ്ടുകിട്ടിയത്. കഴിഞ്ഞ ദിവസം മൂന്ന് മൃതദേഹം കിട്ടിയ സ്ഥലത്തുനിന്ന് തന്നെയാണ് ശരീരഭാ​ഗങ്ങൾ കിട്ടിയത്. ജനകീയ തെരച്ചിലിന് തിരിച്ചടിയായി പ്രദേശത്ത് മഴ ശക്തമായതോടെ മൂന്ന് മണിയോടെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു.

More Stories from this section

family-dental
witywide