മറിയക്കുട്ടിയെ മലയാളി മറക്കാനിടയില്ല. ക്ഷേമ പെന്‍ഷനു വേണ്ടി ഭിക്ഷചട്ടിയുമായി തെരുവിലിറങ്ങി സര്‍ക്കാരിനെപ്പോലും വിറപ്പിച്ച മറിയക്കുട്ടിയുടെ വീര്യം മലയാളി കണ്ടതാണ്. പെന്‍ഷന്‍ തുക കിട്ടാതെ ജീവിതം വഴിമുട്ടിയ മറിയക്കുട്ടിയെ ചേര്‍ത്തുപിടിച്ച കോണ്‍ഗ്രസ് വാക്കുപാലിച്ച് വീടൊരുക്കി. പുതിയ വീടിന്റ താക്കോല്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ വെള്ളിയാഴ്ച കൈമാറും.
ഇരുന്നൂറേക്കറില്‍ മറിയക്കുട്ടിയുടെ പഴയവീട് പൊളിച്ചാണ് പുതിയ വീട് നിര്‍മിച്ചത്. ആറുമാസം കൊണ്ടാണ് വീടൊരുക്കിയത്. ജനുവരിയില്‍ കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രനും ഡീന്‍ കുര്യാക്കോസ് എം.പിയും ചേര്‍ന്നാണ് തറക്കല്ലിട്ടത്.
സിപിഎം എന്ന ക്രിമിനല്‍ പാര്‍ട്ടിയാല്‍ വേട്ടയാടപ്പെടുന്ന സാധാരണക്കാരന്റെ പ്രതീകമാണ് മറിയക്കുട്ടിയെന്നും സിപിഎം അവരുടെ ജീവിതം വഴിമുട്ടിച്ചപ്പോള്‍ ചേര്‍ത്തുപിടിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചതെന്നും കെ സുധാകരന്‍ പറഞ്ഞു. പെന്‍ഷന്‍ ചോദിച്ച് ഇറങ്ങിയ മറിയക്കുട്ടി ചേട്ടത്തിയെ പോലെയുള്ള പാവങ്ങളെ സിപിഎം വ്യാജ പ്രചാരണം നടത്തി അങ്ങേയറ്റം നാണംകെടുത്തിയെന്നും സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സുധാകരന്റെ വാക്കുകള്‍ എത്തിയത്.
സുധാകരന്റെ പോസ്റ്റ് ഇങ്ങനെ:
മറിയക്കുട്ടി ചേട്ടത്തി ഒരു പ്രതീകമാണ് .
സിപിഎം എന്ന ക്രിമിനല്‍ പാര്‍ട്ടിയാല്‍ വേട്ടയാടപ്പെടുന്ന സാധാരണക്കാരന്റെ പ്രതീകം
സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ കോണ്‍ഗ്രസ് കൊണ്ടുവന്നത് തന്നെ ഈ നാട്ടിലെ പാവപ്പെട്ടവന്റെ അവകാശമായാണ് . എന്നാല്‍ പെന്‍ഷന്‍ അവകാശമല്ല ഔദാര്യമാണ് എന്നാണ് വിജയന്റെ സര്‍ക്കാര്‍ കോടതിയില്‍ പ്രഖ്യാപിച്ചത്. ഇത്തരം പ്രഖ്യാപനങ്ങള്‍ മാത്രമല്ല, പെന്‍ഷന്‍ ചോദിച്ച് ഇറങ്ങിയ മറിയക്കുട്ടി ചേട്ടത്തിയെ പോലെയുള്ള പാവങ്ങളെ വ്യാജ പ്രചാരണം നടത്തി അങ്ങേയറ്റം നാണംകെടുത്തുകയും ചെയ്തു സിപിഎം.
സിപിഎം ഈ വന്ദ്യ വയോധികയെപ്പറ്റി നവമാധ്യമങ്ങളില്‍ അശ്ലീല കഥകള്‍ മെനഞ്ഞു. അവരെ അതിസമ്പന്നയായി ചിത്രീകരിച്ചു. അന്നം മുട്ടിച്ച സര്‍ക്കാരിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ സിപിഎം അവരുടെ ജീവിതം വഴിമുട്ടിച്ചപ്പോള്‍ ചേര്‍ത്തുപിടിക്കാന്‍ ആണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. അതിന്റെ ഭാഗമായി നിര്‍മ്മിച്ചു കൊടുക്കുമെന്ന് പറഞ്ഞ വീട് പൂര്‍ത്തിയായിരിക്കുന്നു.
വെറും വാക്കുകള്‍ പറയുന്ന പ്രസ്ഥാനമല്ല, പാവപ്പെട്ടവന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അവരുടെ ഹൃദയ വികാരമാണ് നമ്മുടെ കോണ്‍ഗ്രസ്.