ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ പാസായിക് കൗണ്ടിയിലെ മുതിര്‍ന്ന പോലീസ് ഓഫീസര്‍ റിച്ചാര്‍ഡ് എച്ച്. ബെര്‍ഡ്നിക്ക് ആത്മഹത്യ ചെയ്തു. സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു. ക്ലിഫ്ടണിലെ ടൊറോസ് എന്ന ടര്‍ക്കിഷ് റെസ്റ്റോറന്റില്‍ ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് ഷെരീഫ് റിച്ചാര്‍ഡ് എച്ച്. ബെര്‍ഡ്നിക്കിന്റെ മരണം സംഭവിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. മരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.
വിഷാദ രോഗവും ജോലിയിലെ സമ്മര്‍ദ്ദവും അദ്ദേഹത്തെ അലട്ടിയിരുന്നുവെന്നാണ് വിവരം. പാസായിക് കൗണ്ടി ജയിലില്‍ വിചാരണത്തടവുകാരനെ മര്‍ദ്ദിച്ച കേസില്‍ മൂന്ന് പോലീസ് ഓഫീസര്‍മാരെ എഫ്ബിഐ അറസ്റ്റ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിലാണ് അദ്ദേഹത്തിന്റെ ആത്മഹത്യ. പാറ്റേഴ്സണ്‍ മേയര്‍ ആന്ദ്രെ സയേഗ് ബെര്‍ഡ്നിക്കിന്റെ മരണം ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചു. ‘ഞാന്‍ റിച്ചാര്‍ഡ് എച്ച്. ബെര്‍ഡ്‌നിക്കിനെ ‘അമേരിക്കയുടെ ഷെരീഫ്’ എന്നാണ് സ്‌നേഹപൂര്‍വ്വം പരാമര്‍ശിച്ചത്. ബെര്‍ഡ്‌നിക്ക് മാതൃകാപരമായ നിയമപാലകനും പ്രിയപ്പെട്ട സുഹൃത്തുമായിരുന്നു. അദ്ദേഹം നിത്യശാന്തിയില്‍ വിശ്രമിക്കട്ടെ’ എന്ന് മേയര്‍ കുറിച്ചു.