ദൈവഹിതം അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി പ്രഖ്യാപിക്കപ്പെട്ട ശേഷം മാര്‍ റാഫേല്‍ തട്ടില്‍. ഒറ്റയ്ക്ക് എല്ലാം ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നില്ല. എല്ലാവരും ഒന്നിച്ചു നില്‍ക്കണം, ഒരുമിച്ച് പ്രവര്‍ത്തിക്കാനും കഴിയട്ടെ. മേജര്‍ ആര്‍ച്ച് ബിഷപ്പായതു കൊണ്ട് ഒരു മാറ്റവും തനിക്കുണ്ടാകില്ല. എല്ലാവരുടേയും തട്ടില്‍ പിതാവായി തന്നെ മുന്നോട്ട് പോകുമെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
സീറോ മലബാര്‍ സഭയുടെ നാലാമത്തെ ആര്‍ച്ച് ബിഷപ്പാണ് മാര്‍ റാഫേല്‍ തട്ടില്‍. തിരഞ്ഞെടുപ്പിലൂടെ നിയമിതനാകുന്ന രണ്ടാമത്തെ ആര്‍ച്ച് ബിഷപ്പ് എന്ന പ്രത്യേകതയും തട്ടിലിനുണ്ട്.
മാർപാപ്പ അനുമതി നൽകിയതോടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് വത്തിക്കാനിലും കാക്കനാട് സെന്റ് തോമസ് മൗണ്ടിലും ഒരേ സമയം പ്രഖ്യാപനം നടന്നു. മേജർ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചതോടെ സിനഡ് സമ്മേളനം അവസാനിച്ചു. മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കൽ മാത്രമാണ് സിനഡിന്റെ അജൻഡയെന്നു സിറോ മലബാർ സഭ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അറിയിച്ചിരുന്നു.
തൃശ്ശൂരിലായിരുന്നു റാഫേൽ തട്ടിലിന്റെ ജനനം. 1956 ഏപ്രിൽ 21 ന് ജനിച്ച അദ്ദേഹം തൃശ്ശൂര്‍ പുത്തൻപള്ളി ഇടവകാംഗമായിരുന്നു. ത്രേസ്യ – ഔസേഫ് ദമ്പതികളുടെ പത്താമത്തെ മകനായാണ് ജനിച്ചത്. 1980 ഡിസംബര്‍ 21 ന് പൗരോഹിത്യം സ്വീകരിച്ചു. കോട്ടയത്ത് വൈദിക പഠനം പൂര്‍ത്തിയാക്കി അദ്ദേഹം ഫിലോസഫിയിലും തിയോളജിയിലും ബിരുദം നേടി. പിന്നീട് റോമിൽ ഉന്നത പഠനത്തിനായി പോയി.