ഒരു പേരിൽ എന്തൊക്കെയിരിക്കുന്നു; ബംഗാളിലെ വിവാദ സിംഹങ്ങളായ അക്ബറിനും സീതയ്ക്കും പുതിയ പേരിട്ടു- സൂരജ്, തനായ

പശ്ചിമ ബംഗാളിലെ‍ സിലിഗുരി സഫാരി പാർക്കിൽ പാർപ്പിച്ചിരിക്കുന്ന വിവാദ സിംഹങ്ങളായ അക്ബറിനും – സീതയ്ക്കും പുതിയ പേരുകൾ നിർദേശിച്ച് സംസ്ഥാന സർക്കാർ. അക്ബറിന് ‘സൂരജ്’, ‘സീത’യ്ക്ക് ‘തനായ’ എന്നീ പേരുകൾ നൽകുമെന്ന് പശ്ചിമ ബംഗാൾ സൂ അതോറിറ്റി അറിയിച്ചു.

അക്ബർ, സീത എന്നീ സിംഹങ്ങളെ ഒരുമിച്ച് താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് വിഎച്ച്പി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച കൊൽക്കത്ത ഹൈക്കോടതി മതേതര രാജ്യത്ത് സിംഹങ്ങൾക്ക് അക്ബർ- സീത എന്നീ പേരുകൾ നൽകി വിവാദം ഉണ്ടാക്കുന്നതെന്തിനെന്ന് ചോദിച്ചിരുന്നു.

സീതയെന്നത് ഒരു വിഭാഗം വിശ്വാസികൾ ആരാധിക്കുന്ന ദൈവിക പ്രതിരൂപമാണെന്നും അക്ബർ പ്രഗത്ഭനായ മുകൾ ചക്രവർത്തിയാണെന്നും ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ചൂണ്ടിക്കാട്ടിയിരുന്നു. ഒപ്പം സിംഹങ്ങളുടെ പെരുമാറ്റുന്നതിന് പശ്ചിമ ബംഗാൾ സർക്കാരിന് വാക്കാലുള്ള നിർദേശവും കോടതി നൽകിയിരുന്നു.

മൃഗങ്ങളെ കൈമാറ്റംചെയ്യുന്ന പദ്ധതിപ്രകാരമാണ് ത്രിപുരയിലെ സെപാഹിജാല മൃഗശാലയില്‍നിന്ന് ഒരു ആണ്‍ സിംഹത്തെയും ഒരു പെണ്‍ സിംഹത്തെയും ഫെബ്രുവരി 13-ന് സിലിഗുരി സഫാരി പാര്‍ക്കിലേക്ക് മാറ്റിയത്. ആണ്‍സിംഹത്തിന് ഏഴ് വയസ്സും പെണ്‍ സിംഹത്തിന് അഞ്ചുവയസ്സുമാണ് പ്രായം. സിലിഗുരി സഫാരി പാര്‍ക്കില്‍ എത്തിയപ്പോള്‍മുതല്‍ ആണ്‍സിംഹത്തിനെ അക്ബര്‍ എന്നും പെണ്‍ സിംഹത്തിനെ സീതയെന്നുമാണ് വിളിച്ചിരുന്നത്. എന്നാല്‍, പേരിട്ടത് തങ്ങളല്ലെന്ന നിലപാടാണ് പശ്ചിമ ബംഗാള്‍ വനംവകുപ്പ് സ്വീകരിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്നീ പേരിട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുതിര്‍ന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനെ ത്രിപുര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെയാണ് ത്രിപുര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. സിംഹങ്ങളുടെ പുതിയ പേരുകൾ ഒരേ മതത്തെ സൂചിപ്പിക്കുന്നതിനാൽ പ്രശ്നം അവസാനിക്കുമെന്ന് കരുതുന്നു.

New Names for Controversial Lions At Bengal Zoo