ചെന്നൈ: തമിഴ് സിനിമാ താരം വിജയ് തമിഴക വെട്രി കഴകം (ടി വി കെ) എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കിയതിനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ആര് പുതിയ പാര്‍ട്ടി തുടങ്ങിയാലും ഡി എം കെയെ തകര്‍ക്കണമെന്നാണ് ആഗ്രഹം. കാരണം ഡി എം കെയുടെ വളര്‍ച്ച അവര്‍ ഇഷ്ടപ്പെടുന്നില്ല എന്ന് സ്റ്റാലിന്‍ പറഞ്ഞു. സ്വന്തം മണ്ഡലമായ കൊളത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത്തരം കാര്യങ്ങളില്‍ തനിക്ക് ആശങ്കയില്ലെന്നും ജനങ്ങള്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാനാണ് ഞങ്ങളുടെ യാത്രയെന്നും വിജയ് യുടെ പേര് പരാമര്‍ശിക്കാതെ സ്റ്റാലില്‍ പറഞ്ഞു. ഈ സര്‍ക്കാരിന്റെ നാല് വര്‍ഷത്തെ നേട്ടങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കൂ എന്നാണ് അവരോട് പറയാനുള്ളത്. ഇത്തരം അനാവശ്യ കാര്യങ്ങളില്‍ മറുപടി പറഞ്ഞ് സമയം കളയാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. നമ്മളെ വിമര്‍ശിക്കുന്നവര്‍ ദീര്‍ഘായുസ്സോടെ ഇരിക്കട്ടെ എന്ന് മാത്രമേ എനിക്ക് പറയാനുള്ളു എന്നാണ് സ്റ്റാലിൻ പറഞ്ഞത്.
വിജയ് യുടെ പുതിയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഒക്ടോബര്‍ 27നു നടന്ന ആദ്യ പൊതുയോഗത്തില്‍ ബി ജെ പിയെയും ഡി എം കെയെയും വിജയ് കടന്നാക്രമിച്ചിരുന്നു. ഇതിനുശേഷം ചേര്‍ന്ന പാര്‍ട്ടി എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലും സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി.
സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നിരിക്കുകയാണ്. അനധികൃത മദ്യവില്‍പ്പനയും യുവജനങ്ങള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗവും വര്‍ധിച്ചു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും പകരം അധികാരത്തിലിരിക്കുന്ന ചിലരുടെ ക്ഷേമത്തിന് വേണ്ടിയാണ് ഡി എം കെ ഭരിക്കുന്നത്. 2021ലെ തെറ്റായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൂടെ ജനാധിപത്യത്തെയും ജനങ്ങളെയും അവര്‍ വഞ്ചിച്ചു. പാല്‍ വില, വസ്തുനികുതി, വൈദ്യുതി നിരക്ക് എന്നിവ വര്‍ധിപ്പിച്ചുവെന്നും യോഗം വിമര്‍ശിച്ചു. പ്രതിമാസ വൈദ്യുതി ബില്ലിങ് സംവിധാനം കൊണ്ടുവരണമെന്നും ടി വി കെ ആവശ്യപ്പെടുകയുണ്ടായിരുന്നു.