
ദുബായ്: യുഎഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വീണ്ടും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത. ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച യുഎഇയില്‍ പെയ്ത ശക്തമായ മഴയില്‍ നാലുപേര്‍ മരിച്ചിരുന്നു. പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മഴ നേരിടാൻ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യം കഴിഞ്ഞ 75 വർഷത്തിനുള്ളിൽ സാക്ഷ്യംവഹിച്ച ഏറ്റവും ശക്തമായ മഴയായിരുന്നു പോയ ദിവസങ്ങളിൽ പെയ്തത്.
മഴക്കെടുതിയിൽ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ദുരന്തബാധിതരെ സഹായിക്കണമെന്നും യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ ദിവസം നിർദേശം നൽകി. മഴക്കെടുതിയിൽ രാജ്യത്തുണ്ടായ അടിസ്ഥാന സൗകര്യങ്ങളുടെ കേടുപാടുകൾ പഠിച്ച് പരിഹരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.