
യുഎസിൽ ചുരുങ്ങിയ ശമ്പളമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഓവർടൈം വേതനത്തിന് അവകാശം നൽകുന്ന പുതിയ നിയമത്തിന്ബൈഡൻ ഭരണകൂടം അന്തിമരൂപം നൽകി.
ഓവർടൈം യോഗ്യത സംബന്ധിച്ച ഏറ്റവും വിപുലവും ഉദാരവുമായ നിയമമാണ് ജൂലൈ 1 മുതൽ നിലവിൽ വരുന്നത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബൈഡൻ കൊണ്ടുവരുന്ന ജനപ്രിയ നടപടിയുടെ ഭാഗമായി ഇതിനെ കണക്കാക്കാം.
എക്സിക്യൂട്ടീവ്, അഡ്മിനിസ്ട്രേറ്റീവ്, പ്രഫഷണൽ ജോലികളിൽ പ്രതിവർഷം 43,888 ഡോളറിൽ താഴെ ശമ്പളമുള്ള തൊഴിലാളികൾക്ക് തൊഴിലുടമകൾ ഓവർടൈം നൽകേണ്ടിവരുമെന്ന് തൊഴിൽ വകുപ്പ് ചൊവ്വാഴ്ച അറിയിച്ചു. 2025-ൻ്റെ തുടക്കത്തോടെ ആ പരിധി 58,656 ഡോളറിൻ്റെ താഴെ എന്നായി ഉയരും.
“പലപ്പോഴും, കുറഞ്ഞ ശമ്പളം വാങ്ങുന്ന തൊഴിലാളികൾ ഒട്ടേറെ സമയം അവരുടെ ജോലിക്കു വേണ്ടി ചെലവാക്കേണ്ടി വരുന്നുണ്ട്. എന്നാൽ അധികവേതനം കിട്ടാറുമില്ല. അത് അസ്വീകാര്യമാണ്,” ആക്ടിംഗ് ലേബർ സെക്രട്ടറി ജൂലി സു തയ്യാറാക്കിയ പ്രസ്താവനയിൽ പറഞ്ഞു.തങ്ങൾ വാഗ്ദാനം ചെയ്തപോലെ ഓവർടൈം ശമ്പളപരിധി ഉയർത്തിയിരിക്കുകയാണ്. എന്നും അവർ കൂട്ടിച്ചേർത്തു.
2019 ൽ ട്രംപ് ഭരണകൂടം 35,568 ഡോളർ ശമ്പളമായിരുന്ന ഓവർടൈം യോഗ്യതാ പരിധിയായ നിശ്ചയിച്ച് നടപ്പാക്കിയത്.
ഫെഡറൽ നിയമപ്രകാരം, യുഎസിലെ മിക്കവാറും എല്ലാ തൊഴിലാളികൾക്കും ആഴ്ചയിൽ 40 മണിക്കൂറിന് ശേഷം ഓവർടൈം വേതനത്തിന് അർഹതയുണ്ട്. എന്നാൽ ഒരു നിശ്ചിത തുകയിൽ താഴെ ശമ്പളമുള്ള പല തൊഴിലാളികളുംഅത് കിട്ടുന്നുണ്ടായിരുന്നില്ല.
ഉയർന്ന പ്രതിഫലം ലഭിക്കുന്ന ചില തൊഴിലാളികളുടെ ഓവർടൈം യോഗ്യതയും പുതിയ നിയമം വിപുലീകരിച്ചിട്ടുണ്ട്. ഹൈലി കോംപൻസേറ്റഡ് തൊഴിലാളികൾക്കുള്ള നിലവിലെ 107,432 ഡോളർ വാർഷിക പരിധി 132,964ഡോളറാക്കി. 2025-ൻ്റെ തുടക്കത്തോടെ അത് 151,164 ആയും വർദ്ധിക്കും.
നിലവിലെ ചട്ടങ്ങൾ പ്രകാരം ഒഴിവാക്കപ്പെട്ട 40 ലക്ഷം തൊഴിലാളികൾക്കു കൂടി പുതിയ നിയമത്തിന് കീഴിൽ ആദ്യ വർഷത്തിൽ ഓവർടൈം പരിരക്ഷ ലഭിക്കുമെന്ന് തൊഴിൽ വകുപ്പ് കണക്കാക്കുന്നു.
New Rule to Get Overtime in US