ഗാസയില്‍ പുതിയ ഭീഷണി, പോളിയോ പടരുന്നു ; ആശങ്കയില്‍ ലോകാരോഗ്യ സംഘടന

ഗാസയില്‍ പോളിയോ അടക്കമുള്ള സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതില്‍ ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന. ഗാസയിലെ മലിനജലത്തില്‍ പോളിയോ വൈറസിന്റെ അംശങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അങ്ങേയറ്റം ആശങ്കാകുലരാണെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം എത്തിയത്.

അപകടസാധ്യത കണക്കിലെടുത്ത് ഗാസയിലെ 2.3 ദശലക്ഷം ജനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കുന്നുണ്ടെന്ന് പലസ്തീന്‍ പ്രദേശങ്ങളിലെ ലോകാരോഗ്യ സംഘടനയുടെ ടീം മേധാവി ഡോ. അയാദില്‍ സപര്‍ബെക്കോവ് പറഞ്ഞു. സുരക്ഷിതരായിരിക്കുന്നതിനെക്കുറിച്ച് ആളുകളെ ഉപദേശിക്കുന്നുണ്ടെങ്കിലും മലിന ജലവും മറ്റ് മോശം അന്തരീക്ഷവും കാരണം, ആളുകള്‍ക്ക് നിര്‍ദേശം പാലിക്കാന്‍ ബുദ്ധിമുട്ടാണെന്ന് സംഘടന തന്നെ ചൂണ്ടിക്കാട്ടുന്നു.

ഒരു മാസം മുമ്പ് ഗാസയിലെ രണ്ട് സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച മലിനജല സാമ്പിളുകളില്‍ മലമൂത്ര വിസര്‍ജ്ജനത്തിലൂടെ പകരുന്ന പോളിയോയുടെ അംശം കണ്ടെത്തിയിരുന്നു. ഗാസയിലെ ജനങ്ങളില്‍നിന്ന് സാംപിളുകള്‍ ശേഖരിച്ചു തുടങ്ങിയിട്ടില്ലെന്നും ഇതിനകം ആര്‍ക്കെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അതേസമയം, തങ്ങളുടെ സൈനികര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ തുടങ്ങിയതായി ഞായറാഴ്ച ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഗാസയിലെ പലസ്തീന്‍കാര്‍ക്ക് വാക്‌സിനുകള്‍ എത്തിക്കുന്നതിന് വിവിധ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഒക്ടോബറില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഏകദേശം 300,000 വാക്‌സിനുകള്‍ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്

ലോകാരോഗ്യ സംഘടനയും യുഎന്‍ കുട്ടികളുടെ ഏജന്‍സിയും (യുണിസെഫ്) ഗാസയില്‍ ഒരു കൂട്ട വാക്‌സിനേഷന്‍ കാമ്പയിന്‍ ആവശ്യമായി വരുമെന്നാണ് വിലയിരുത്തുന്നത്.

More Stories from this section

family-dental
witywide