ന്യൂയോര്‍ക്ക്: ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസിനെ ഫെഡറൽ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി. നഗരത്തിൻ്റെ ആധുനിക ചരിത്രത്തിൽ അധികാരത്തിലിരിക്കെ കുറ്റം ചുമത്തപ്പെടുന്ന ആദ്യത്തെ മേയർ എന്ന കുപ്രസിദ്ധിയും ഇതോടെ ആഡംസിന് സ്വന്തമായി. അസോസിയേറ്റഡ് പ്രസ് (എ പി) പറയുന്നതനുസരിച്ച്, ഡെമോക്രാറ്റ് മേയർക്കെതിരായ ആരോപണങ്ങളുടെ വിശദാംശങ്ങൾ മുദ്രവെച്ചാണ് കുറ്റം ചുമത്തിയത്. കുറ്റപത്രം മുദ്രവെച്ചിരിക്കുന്നതിനാല്‍ ആഡംസിനെതിരെ ഏതെല്ലാം കുറ്റങ്ങളാണ് ചുമത്തിയതെന്ന് വ്യക്തമല്ല.
സംഭവം ആദ്യം റിപ്പോർട്ട് ചെയ്ത ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, ആഡംസ് എപ്പോൾ അധികാരികൾക്ക് കീഴടങ്ങുമെന്ന് വ്യക്തമല്ല. മേയർക്ക് സ്വയം തീരുമാനമെടുക്കാൻ സമയം ലഭിക്കുമെന്നാണ് വിവരം. വിരമിച്ച പോലീസ് ക്യാപ്റ്റനായ ആഡംസ് നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുകയും രാജ്യത്തെ ഏറ്റവും വലിയ മുനിസിപ്പല്‍ ഗവണ്‍മെന്റിലേക്ക് പ്രൊഫഷണലിസവും ‘സ്വാഗ്ഗറും’ കൊണ്ടുവരുമെന്ന പ്രചാരണ പ്രതിജ്ഞയെടുത്താണ് മൂന്നുവര്‍ഷം മുമ്പ് ന്യുയോർക്കിലെ 110 -ാമത്തെ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.
നിരവധി ഫെഡറല്‍ അന്വേഷണം നേരിട്ട സുഹൃത്തുക്കള്‍ക്കും വിശ്വസ്തര്‍ക്കുമൊപ്പം മേയര്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചത് വിവാദങ്ങള്‍ക്ക് കാരണമായി. ആഡംസിന്റെ നഗര ഭരണകൂടത്തിലെ ഉന്നത പദവികള്‍വഹിക്കുന്ന ഉദ്യോഗസ്ഥരെ ലക്ഷ്യംവെച്ചുള്ള അഴിമതി ആരോപണങ്ങളിൽ അന്വേഷണങ്ങൾ നടക്കുകയാണ്. ഈ മാസം ആദ്യം, ആഡംസിന്റെ സഹായികളായ സ്‌കൂള്‍ ചാന്‍സലറും പോലീസ് കമ്മീഷണറുമായ ഉദ്യോഗസ്ഥന്ർ ഉള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് ഫെഡറല്‍ ഏജന്റുമാര്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. കമ്മീഷണര്‍ എഡ്വേര്‍ഡ് എ. കബനും സ്‌കൂള്‍ ചാന്‍സലര്‍ ഡേവിഡ് സി. ബാങ്ക്‌സും പിന്നീട് രാജിവച്ചു.
ശേഷം ഫെഡറല്‍ അധികാരികള്‍ ആഡംസിന്റെ ഇലക്ട്രോണിക് ഉപകരണങ്ങളടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കുറ്റം ചുമത്തിയിരിക്കുന്നത്.
ആഡംസ് അന്വേഷണ അധികാരികളുമായി സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സഹായികള്‍ അവകാശപ്പെട്ടു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ആഡംസിന്റെ വാദം. കുറ്റം ചാര്‍ത്തപ്പെട്ടതോടെ മേയറായി സേവനമനുഷ്ഠിക്കാനുള്ള ആഡംസിന്റെ യോഗ്യതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അദ്ദേഹം സ്ഥാനമൊഴിയണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വേണമെങ്കില്‍ അദ്ദേഹത്തെ പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള അധികാരം ഗവര്‍ണര്‍ കാത്തി ഹോക്കുലിന് ഉണ്ട്. അത്തരം നടപടികളിലേക്ക് കടക്കുമോ എന്നത് വരും ദിവസങ്ങളിൽ കണ്ടറിയാം.