അറസ്റ്റിലായതിന് ശേഷം ശിരോവസ്ത്രം നീക്കാന്‍ നിര്‍ബന്ധിതരായ മുസ്ലീം സ്ത്രീകള്‍ക്ക് ന്യൂയോര്‍ക്ക് സിറ്റി 17.5 മില്യണ്‍ ഡോളര്‍ നല്‍കും

ന്യൂയോര്‍ക്ക്: അറസ്റ്റിലായതിന് ശേഷം ശിരോവസ്ത്രം നീക്കാന്‍ നിര്‍ബന്ധിതരായ രണ്ട് മുസ്ലീം സ്ത്രീകള്‍ നല്‍കിയ കേസ് തീര്‍പ്പാക്കാന്‍ ന്യൂയോര്‍ക്ക് സിറ്റി 17.5 മില്യണ്‍ ഡോളര്‍ നല്‍കാന്‍ സമ്മതിച്ചു.

അറസ്റ്റിലായതിന് ശേഷം ഹിജാബ് നീക്കം ചെയ്യാന്‍ നിര്‍ബന്ധിതരായപ്പോള്‍ തങ്ങള്‍ക്ക് നാണക്കേടുതോന്നിയെന്ന് ചൂണ്ടിക്കാട്ടി ജമീല ക്ലാര്‍ക്കും അര്‍വ അസീസും ചേര്‍ന്ന് 2018-ലാണ് ക്ലാസ്-ആക്ഷന്‍ കേസ് ഫയല്‍ ചെയ്തത്. ‘എന്റെ ഹിജാബ് അഴിക്കാന്‍ അവര്‍ എന്നെ നിര്‍ബന്ധിച്ചപ്പോള്‍, ഞാന്‍ നഗ്‌നയാണെന്ന് എനിക്ക് തോന്നിയെന്നും വാക്കുകള്‍ക്കൊണ്ട് ഞാന്‍ എത്രത്തോളം തുറന്നുകാട്ടപ്പെട്ടുവെന്നും അപമാനിക്കപ്പെട്ടുവെന്നും പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പില്ലെന്നും പറഞ്ഞ ജമീല ക്ലാര്‍ക്ക് ആയിരക്കണക്കിന് ന്യൂയോര്‍ക്കുകാര്‍ക്ക് നീതി ലഭിക്കുന്നതില്‍ പങ്കുവഹിച്ചതില്‍ ഞാന്‍ ഇന്ന് അഭിമാനിക്കുന്നുവെന്നും വ്യക്തമാക്കി.

ജമീല ക്ലാര്‍ക്കിനെ 2017 ജനുവരി 9 നും അര്‍വ അസീസിനെ 2017 ഓഗസ്റ്റ് 30 നുമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായതിന് ജമീല ക്ലാര്‍ക്കിനെ ശിരോവസ്ത്രം നീക്കം ചെയ്തില്ലെങ്കില്‍ പ്രോസിക്യൂട്ട് ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായി കേസില്‍ പറയുന്നു. ഒരു ഡസന്‍ പുരുഷ പോലീസ് ഓഫീസര്‍മാര്‍ക്കും 30-ലധികം പുരുഷ തടവുകാര്‍ക്കും തന്നെ കാണാന്‍ കഴിയുന്ന വിധത്തിലായിരുന്നു ഹിജാബ് അഴിപ്പിച്ചതെന്നും അവരുടെ ചിത്രം എടുത്തതെന്നും കേസില്‍ പറയുന്നു.

അറസ്റ്റിലായ ആളുകളുടെ ശിരോവസ്ത്രം നീക്കംചെയ്യാന്‍ നിര്‍ബന്ധിക്കുന്ന രീതിയെ ഉദ്യോഗസ്ഥര്‍ തുടക്കത്തില്‍ ന്യായീകരിക്കുകയും നിയമപാലകര്‍ അറസ്റ്റു ചെയ്യുന്ന ആളുകളുടെ ഫോട്ടോകള്‍ എടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍, 2020-ല്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഈ നയം മാറ്റി, കൂടാതെ ഫോട്ടോ എടുക്കുമ്പോള്‍ ശിരോവസ്ത്രം വ്യക്തിയുടെ മുഖത്തെ മറയ്ക്കാത്ത രീതിയില്‍ ധരിക്കാന്‍ അറസ്റ്റിലായ ആളുകളെ അനുവദിക്കുമെന്നും പറഞ്ഞു.