ന്യൂയോര്‍ക്ക് കേരളാ സമാജം വാര്‍ഷിക കുടുംബ സംഗമം 23ന്, പ്രശസ്ത നോവലിസ്റ്റ് സന്തോഷ് കുമാര്‍ മുഖ്യാതിഥി

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പുരാതന മലയാളി സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് അന്‍പത്തിരണ്ടാമത് വാര്‍ഷിക ഡിന്നറും ഫാമിലി നൈറ്റും 23 ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ (Tyson Center, 26 North Tyson Avenue, Floral Park, NY 11001) വച്ച് നടത്തുന്നു. മലയാളി പൈതൃകം നിലനിര്‍ത്തിക്കൊണ്ട് കഴിഞ്ഞ 52 വര്‍ഷമായി ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡ് ഭാഗത്ത് വളരെ പ്രശംസനീയമായി മുന്നേറിക്കൊണ്ടിരിക്കുന്ന കേരളാ സമാജം 2024-ലെ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ പരിസമാപ്തി കുറിക്കുന്ന പരിപാടിയാണ് വാര്‍ഷിക ഡിന്നറും കുടുംബ സംഗമവും. മലയാള സാഹിത്യത്തിലെ സമകാലീക യുവ എഴുത്തുകാരനായ ഇ. സന്തോഷ് കുമാറാണ് കുടുംബ സംഗമത്തിലെ മുഖ്യാതിഥി.

കേരളാ സാഹിത്യ അക്കാദമിയുടെ രണ്ടു വര്‍ഷത്തെ അവാര്‍ഡ് ജേതാവാണ് യുവ എഴുത്തുകാരനായ സന്തോഷ് കുമാര്‍. 2006-ല്‍ അദ്ദേഹത്തിന്റെ ചെറുകഥാ സമാഹാരമായ ‘ചാവുകളി’ എന്ന കൃതിക്കാണ് ആദ്യമായി കേരളാ സാഹിത്യ അവാര്‍ഡ് ലഭിച്ചത്. പിന്നീട് 2012-ല്‍ ‘അന്ധകാരനഴി’ എന്ന നോവലിനും കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ലാനയുടെ പരിപാടിയില്‍ പങ്കെടുക്കുവാനാണ് സന്തോഷ് കുമാര്‍ അമേരിക്കയില്‍ എത്തിയത്.

ശനിയാഴ്ച നടക്കുന്ന കുടുംബ സംഗമത്തില്‍ എല്ലാ കേരളാ സമാജം അംഗങ്ങളും അതിഥികളും കുടുംബ സമേതം വന്ന് പങ്കെടുക്കണമെന്ന് സമാജം പ്രസിഡന്റ് സിബി ഡേവിഡും സെക്രട്ടറി സജി എബ്രഹാമും ട്രഷറര്‍ വിനോദ് കെയാര്‍ക്കെയും സംയുക്തമായി അറിയിച്ചിട്ടുണ്ട്.

‘സമാജത്തിലെ മുന്‍കാല അംഗങ്ങളെയും കുടുംബാംഗങ്ങളെയും കാണുവാനും സ്‌നേഹബന്ധങ്ങള്‍ പുതുക്കുവാനുമുള്ള അവസരമായതിനാല്‍ എല്ലാ അംഗങ്ങളും എത്തിച്ചേര്‍ന്ന് കുടുംബ സംഗമം വിജയിപ്പിക്കണമെന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സണ്ണി പണിക്കര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

  1. Thomas David (Sibi), President – Mob: (917 ) 353- 1242 Email: sibidavidny@yahoo.com
  2. Sunny Panicker, Board Chairman – Mob: (516) 884-7438 Email: philipopanicker@yahoo.com
  3. Saji Abraham, Secretary – Mob: (917) 617-3959 Email: sajiabraham98@gmail.com
  4. Vinod Kearke, Treasurer – Mob: (516) 633-5208 Email: vinodkearke@gmail.com

(വാര്‍ത്ത: മാത്യുക്കുട്ടി ഈശോ)