വെല്ലിങ്ടൺ: കഴിഞ്ഞ വർഷത്തെ റെക്കോഡ് മൈഗ്രേഷനു ശേഷം തങ്ങളുടെ തൊഴിൽ വിസ പ്രോഗ്രാമിൽ ഉടനടി മാറ്റങ്ങൾ വരുത്തുകയാണെന്ന് പ്രഖ്യാപിച്ച് ന്യൂസിലാൻഡ്. കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി ഉയർന്നതാണ് ഈ തീരുമാനത്തിന് കാരണം.
കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികൾക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ആവശ്യപ്പെടുക, മിക്ക തൊഴിലുടമകളുടെ തൊഴിൽ വിസകൾക്കും മിനിമം വൈദഗ്ധ്യവും തൊഴിൽ പരിചയ പരിധിയും നിശ്ചയിക്കുക തുടങ്ങിയ നടപടികൾ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. കുറഞ്ഞ വൈദഗ്ധ്യമുള്ള റോളുകൾക്കുള്ള പരമാവധി സ്റ്റേ ബാക്ക് അഞ്ച് വർഷത്തിൽ നിന്ന് മൂന്ന് വർഷമായി കുറയ്ക്കും.
ഉയർന്ന വൈദഗ്ധ്യമുള്ള കുടിയേറ്റ ജീവനക്കാരെ ആകർഷിക്കുന്നതിലും രാജ്യത്ത് നിലനിർത്തുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഇമിഗ്രേഷൻ മന്ത്രി എറിക്ക സ്റ്റാൻഫോർഡ് പ്രസ്താവനയിൽ പറഞ്ഞു. അതേ സമയം സ്കിൽ ഷോർട്ടേജ് ഇല്ലാത്ത ജോലികൾക്കായി ന്യൂസിലൻഡുകാരെ മുൻനിരയിൽ നിർത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം, ഏകദേശം 173,000 ആളുകൾ ന്യൂസിലൻഡിലേക്ക് കുടിയേറിയതായി പ്രസ്താവനയിൽ പറയുന്നു. ഏകദേശം 5.1 ദശലക്ഷം ജനസംഖ്യയുള്ള ന്യൂസിലാൻഡിൽ, കോവിഡ് അവസാനിച്ചതിന് ശേഷം കുടിയേറ്റക്കാരുടെ എണ്ണത്തിൽ ദ്രുതഗതിയിലുള്ള വളർച്ചയുണ്ടായി. ഇത് പണപ്പെരുപ്പം ഉയർത്തുമെന്ന ആശങ്ക ഉയർത്തി.
കുടിയേറ്റക്കാരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ച അയൽരാജ്യമായ ഓസ്‌ട്രേലിയ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ കുടിയേറ്റക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കുമെന്ന് പറഞ്ഞു.