ചേർത്തലയിൽ അമ്മയുടെയും കാമുകന്‍റെയും ക്രൂരത, നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്നു, കാമുകന്‍റെ വീട്ടില്‍ കുഴിച്ചുമൂടി; കുറ്റം സമ്മതിച്ചു

ആലപ്പുഴ: കേരളത്തെ നടുക്കി ചേര്‍ത്തലയില്‍ അമ്മയുടെയും കാമുകന്‍റെയും ക്രൂരത. നവജാതശിശുവിനെ അമ്മയും കാമുകനും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊന്ന് കുഴിച്ചുമൂടി. അമ്മ ആശയും സുഹൃത്ത് രതീഷും ചേര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. രതീഷിന്റെ വീടിന് സമീപം കുഞ്ഞിനെ കുഴിച്ചിട്ടെന്നാണ് ഇരുവരും പൊലിസിന് നല്‍കിയ മൊഴി. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിലിനൊടുവിൽ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലത്ത് പൊലീസ് പരിശോധന നടത്തും. വിരലടയാള വിദഗ്ധരും പൊലീസിന് ഒപ്പമുണ്ട്. ആദ്യം കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശികള്‍ക്ക് വിറ്റുവെന്നായിരുന്നു പ്രതികൾ പൊലീസിന് മൊഴി നല്‍കിയത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തൃപ്പൂണിത്തുറയില്‍ ഇത്തരമൊരു ദമ്പതികള്‍ ഇല്ലെന്ന് കണ്ടെത്തി. ഇതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. കൂടുതല്‍ ചോദ്യം ചെയ്തതോടെ പ്രതികൾ കൊലപാതകം വെളിപ്പെടുത്തുകയായിരുന്നു.

പള്ളിപ്പുറം സ്വദേശിയായ ആശ ഡിസംബർ 25 നാണ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി അഡ്‌മിറ്റായത്. 26 ന് പ്രസവിച്ചു. 31 ന് ആശുപത്രിയിൽ നിന്നും വിട്ട ഇവർ വീട്ടിലെത്തിയപ്പോൾ കുഞ്ഞ് ഉണ്ടായിരുന്നില്ല. പ്രദേശത്തെ ആശാവര്‍ക്കര്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിനെ കാണിക്കാൻ യുവതി തയ്യാറായില്ല. തുടര്‍ന്ന് വാർഡ് മെമ്പറെ ആശാവര്‍ക്കര്‍ വിവരം അറിയിച്ചു. വാര്‍ഡ് മെമ്പര്‍ ഷിൽജ അറിയിച്ചത് അനുസരിച്ച് പൊലീസും അന്വേഷണം നടത്തി. കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശികള്‍ക്ക് വിറ്റുവെന്നായിരുന്നു ഇവർ ആദ്യം പറഞ്ഞത്. എന്നാൽ കൂടുതൽ അന്വേഷണത്തിൽ സത്യം തെളിയുകയായിരുന്നു.

Also Read

More Stories from this section

family-dental
witywide