
നടനും എംപിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ കല്ല്യാണത്തിന് പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിൽ എത്തി. ഇന്ന് ഗുരുവായൂർ അമ്പലത്തിൽ 77 വിവാഹങ്ങളാണ് നിശ്ചയിച്ചിരുന്നത്. ഇതിൽ 33 എണ്ണം രാവിലെ തന്നെ കഴിഞ്ഞു. അവരിൽ 20 ദമ്പതിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പം ഫോട്ടോ എടുക്കാൻ അവസരം നൽകും. ഇന്നലെ രാത്രിതന്നെ പൊലീസ് ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. ഇവർക്ക് പാസ് നൽകിയിട്ടുണ്ട്. സുരക്ഷ ഉദ്യോഗസ്ഥരാണ് ഫോട്ടോഗ്രാഫറെ നിശ്ചയിച്ചിരിക്കുന്നത്. മൊബൈൽ ഫോൺ ക്ഷേത്ര പരിസരത്തു തന്നെ നിരോധിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കും പ്രവേശനമില്ല. ഭാഗ്യ സുരേഷിൻ്റെ വിവാഹവേദിയിൽ പ്രധാനമന്ത്രിയും വധൂവരന്മാരുടെ കുടുംബാംഗങ്ങളും മാത്രമാണ് ഉണ്ടാവുക. പ്രത്യേകം ഒരുക്കിയ പന്തലിലാണ് വിവാഹം.
മമ്മൂട്ടി, മോഹൻലാൽ, ജയറാം, ഖുഷ്ബു, ബിജു മേനോൻ, ദിലീപ് അടക്കം നിരവധി താരങ്ങള്‍ വിവാഹചടങ്ങിനെത്തിയിട്ടുണ്ട്. ഇവർക്കെല്ലാം ഇരിക്കാനുള്ള സംവിധാനം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ് ഒരുക്കിയിരിക്കുന്നത്.
കൊച്ചി നാവികസേന താവളത്തിൽ നിന്ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളെജിൽ ഹെലികോപ്റ്ററിൽ എത്തിയ മോദി 7.40 ഓടെയാണ് ഗുരുവായൂരിൽ എത്തിയത്.
ഇരുപത് മിനിറ്റ് ക്ഷേത്രത്തിൽ ചിലവഴിച്ച ശേഷം വിവാഹചടങ്ങിൽ മോദി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് കനത്ത സുരക്ഷയിലാണ് ക്ഷേത്രവും പരിസരവും. രാവിലെ 8.45 നാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം. ചടങ്ങിൽ പങ്കെടുത്ത ശേഷം മോദി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തും.