പുതുമോടി തീരുംമുമ്പേ രാജ്‌കോട്ടില്‍ ഇവരും കത്തിയെരിഞ്ഞു…

ന്യൂഡല്‍ഹി: ഗുജറാത്തിലെ രാജ്കോട്ടിലെ ഗെയിമിംഗ് സോണിലുണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ട 27 പേരില്‍ നവദമ്പതികളും. കാനഡയില്‍ പഠിക്കുകയായിരുന്ന അക്ഷയ് ധോലാരിയയും ഭാര്യ ഖ്യാതി സ്വാലിവിയയും ശനിയാഴ്ച വൈകുന്നേരം രാജ്കോട്ടിലെ ടിആര്‍പി ഗെയിം സോണില്‍ എത്തുകയായിരുന്നു. ഇവരോടൊപ്പം ഖ്യാതിയുടെ സഹോദരി ഹരിതയുമുണ്ടായിരുന്നു. മൂന്നുപേരും മരണത്തിന് കീഴടങ്ങി.

പത്തുദിവസം മുമ്പാണ് ഇരുവരും നിയമപ്രകാരം വിവാഹിതരായത്. ഈ വര്‍ഷം ഡിസംബറിലാണ് ഇരുവരുടെയും വിവാഹം ഹിന്ദു ആചാരപ്രകാരം നിശ്ചയിച്ചിരുന്നത്. അപകടത്തിന് ശേഷം യുഎസില്‍ താമസിക്കുന്ന അക്ഷയുടെ മാതാപിതാക്കളോട് നാട്ടിലെത്തി ഡിഎന്‍എ സാമ്പിള്‍ നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്‌കോട്ടിലെ അപകടത്തെത്തുടര്‍ന്ന് മരിച്ചവരെ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍.

ശനിയാഴ്ചയാണ് രാജ്കോട്ടിലെ ടിആര്‍പി ഗെയിമിംഗ് സോണില്‍ വന്‍ തീപിടിത്തമുണ്ടായത്. 12 വയസ്സിന് താഴെയുള്ള നാല് കുട്ടികള്‍ ഉള്‍പ്പെടെ 27 പേരുടെ ജീവന്‍ അപഹരിച്ച ദുരന്തമായി അത് മാറുകയായിരുന്നു. പരിക്കേറ്റവരില്‍ പലരും ഗുരുതരാവസ്ഥയില്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. അപകടത്തെത്തുടര്‍ന്ന് ടിആര്‍പി ഗെയിം സോണിന്റെ ഉടമയെയും മാനേജരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രസിഡന്റ് ദ്രൗപതി മുര്‍മു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.

More Stories from this section

family-dental
witywide