നവദമ്പതികള്‍ ചുംബിച്ചു, വീട്ടുകാര്‍ തമ്മില്‍ അടിയോടടി…വിവാഹ വേദി യുദ്ധക്കളം!

ലക്‌നൗ: വിവാഹിതരാകുന്ന വധൂവരന്മാര്‍ സ്‌നേഹത്തോടെ പരസ്പരം ഒന്നു ചുംബിച്ചാല്‍ എന്താ കുഴപ്പം…അതൊക്കെ സര്‍വ്വസാധാരണമല്ലേ എന്നു ചോദിക്കാന്‍ വരട്ടെ. ഉത്തര്‍പ്രദേശില്‍ ഒരു ചുംബനത്തിന്റെ പേരില്‍ വധൂവരന്മാരുടെ കുടുംബങ്ങള്‍ തമ്മില്‍ അടിയോടടിയായി.

തിങ്കളാഴ്ച ഉത്തര്‍പ്രദേശില്‍ നടന്ന വിവാഹത്തിനിടെയാണ് സംഭവം. ചടങ്ങിനിടെ വധുവിനെ വരന്‍ സ്‌നേഹത്തോടെ ചുംബിച്ചതിനെത്തുടര്‍ന്നാണ് ഇരുവരുടേയും കുടുംബങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിലായത്. നവദമ്പതികള്‍ ചുംബിക്കുന്നത് കണ്ട വധുവിന്റെ വീട്ടുകാര്‍ വരന്റെ ബന്ധുക്കളെ സ്റ്റേജില്‍ വെച്ച് മര്‍ദ്ദിച്ചതോടെ ഹാപൂരിലെ അശോക് നഗറിലെ വിവാഹ വേദി യുദ്ധക്കളമായി മാറി.

വരന്റെ പ്രവൃത്തിയില്‍ രോഷാകുലരായ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടാകുകയും പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. വധുവിന്റെ വീട്ടുകാര്‍ വടിയുമായി സ്റ്റേജില്‍ കയറി വരന്റെ വീട്ടുകാരെ മര്‍ദിച്ചു. സംഘര്‍ഷത്തില്‍ വധുവിന്റെ പിതാവ് ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെത്തുടര്‍ന്ന് വിവരമറിഞ്ഞ് എത്തിയ പോലീസ് ഇരു കുടുംബങ്ങളില്‍നിന്നുമായി ഏഴുപേരെ കസ്റ്റഡിയിലെടുത്തു. എന്നാല്‍, കേസില്‍ ഇരുകുടുംബങ്ങളില്‍ നിന്നും ഇതുവരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്നും ഹാപൂര്‍ പോലീസ് ഓഫീസര്‍ രാജ്കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. അതേസമയം, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 151-ാം വകുപ്പനുസരിച്ച് പൊതു സമാധാനത്തിന് ഭംഗം വരുത്തിയതിന് കേസെടുത്തിട്ടുണ്ട്.

More Stories from this section

family-dental
witywide