ന്യൂസ് ക്ലിക്ക് കേസ്; പ്രബീര്‍ പുരകായസ്തയ്‌ക്കെതിരെ 9000 പേജുള്ള കുറ്റപത്രം; എത്തിച്ചത് ഇരുമ്പുപെട്ടിയില്‍

ന്യൂഡൽഹി: ചൈനീസ് അനുകൂല പ്രചരണം നടത്താൻ വിദേശ ഫണ്ട് സ്വീകരിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുരകായസ്തയ്‌ക്കെതിരെ 9,000 പേജുകളുള്ള ആദ്യ കുറ്റപത്രം ഡൽഹി പോലീസിൻ്റെ സ്‌പെഷ്യൽ സെൽ ശനിയാഴ്ച സമർപ്പിച്ചു.

അന്വേഷണത്തിനിടെ നടത്തിയ വിവിധ റെയ്ഡുകളിൽ പിടിച്ചെടുത്ത 480 ഇലക്ട്രോണിക് ഉപകരണങ്ങളെ സംബന്ധിച്ച വിവരങ്ങളും കുറ്റപത്രത്തിലുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പട്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി ഹർദീപ് കൗറിന് മുമ്പാകെ സമർപ്പിച്ച കുറ്റപത്രം എപ്പോൾ പരിഗണിക്കണമെന്ന് കോടതി തീരുമാനിക്കും. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാരോപിച്ചാണ് പുരകായസ്തയെ അറസ്റ്റ് ചെയ്തത്.

കേസിലെ ഒന്നാം പ്രതിയാണ് പുരകായസ്ത. ന്യൂസ്‌ക്ലിക്കിൻ്റെ എച്ച്ആർ തലവൻ അമിത് ചക്രവർത്തി മാപ്പുസാക്ഷിയായി മൊഴി നൽകാൻ 2023 ഡിസംബറിൽ ഡൽഹി കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.

അമേരിക്കന്‍ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ നെവില്‍ റോയ് സിംഘത്തിൽ നിന്ന് ന്യൂസ് ക്ലിക്കിന് വേണ്ടി പണം വാങ്ങി എന്നാണ് പ്രബീര്‍ പുരകാസ്തയ്‌ക്കെതിരെയുള്ള ആരോപണം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ പുരകായസ്തയെ യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഡല്‍ഹിയിലെ ന്യൂസ്‌ക്ലിക്കിന്റെ ഓഫീസും പൊലീസ് സീല്‍ ചെയ്തിരുന്നു. വിവിധ ആരോപണങ്ങളാണ് പ്രബീര്‍ പുരകായസ്തയ്‌ക്കെതിരെ എഫ്‌ഐആറില്‍ പറയുന്നത്.

More Stories from this section

family-dental
witywide