ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് കനത്ത പ്രഹരമായി ശക്തനായ മന്ത്രി വിക്രമാദിത്യ സിംഗ് ബുധനാഴ്ച രാജി പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ മകനാണ് രാജിവെച്ച വിക്രമാദിത്യ സിംഗ്. തന്റെ പിതാവിന്റെ പേരിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്ന അതൃപ്തിയും ഇതിനോടകം വിക്രമാദിത്യ സിംഗ് രേഖപ്പെടുത്തി.
അതേസമയം, ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ നിലനിര്‍ത്താന്‍ ശ്രമങ്ങളുമായി കോണ്‍ഗ്രസും അവസാനവട്ട ശ്രമങ്ങളിലാണ്. കൂറുമാറിയ കോണ്‍ഗ്രസ് എംഎല്‍എമാരുമായി മുതിര്‍ന്ന നേതാക്കള്‍ ആശയവിനിമയം ആരംഭിച്ചു. അതൃപ്തി പരിഹരിക്കാന്‍ എല്ലാ സാധ്യതകളും ചര്‍ച്ച ചെയ്യാം എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.
കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുള്ള ഹിമാചലില്‍ പാര്‍ട്ടിയുടെ ആറ് എം.എല്‍.എ.മാരും പാര്‍ട്ടിയെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്രരും കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടുചെയ്തിരുന്നു. ഇതോടെ ജയമുറപ്പിച്ചിരുന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിംഘ്വി തോറ്റു. ഹിമാചലിലെ ഏക രാജ്യസഭാ സീറ്റില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെ വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് ജയറാം താക്കൂര്‍ ഉള്‍പ്പെടെ 15 ബിജെപി എംഎല്‍എമാരെ ബുധനാഴ്ച ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ നിന്ന് പുറത്താക്കിയതോടെ സംസ്ഥാനത്ത് രാഷ്ട്രീയ നാടകം രൂക്ഷമായി.
മുതിര്‍ന്ന ബിജെപി നേതാവും ഹിമാചല്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂറും പാര്‍ട്ടി എംഎല്‍എമാരും ബുധനാഴ്ച രാജ്ഭവനില്‍ ഗവര്‍ണര്‍ ശിവപ്രതാപ് ശുക്ലയെ കണ്ടു. മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന് ഭരിക്കാനുള്ള ജനവിധി നഷ്ടപ്പെട്ടുവെന്ന് അവകാശപ്പെട്ട് അവര്‍ വിശ്വാസവോട്ടെടുപ്പിന് ശ്രമിക്കുന്നുണ്ട്. ‘രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍ഷ് മഹാജന്‍ വിജയിച്ചു. നിലവില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടുവെന്ന് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ജയറാം താക്കൂര്‍ പറഞ്ഞു.