ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയിയെ പിടികൂടുന്നയാള്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ

ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇയാള്‍ ഇപ്പോള്‍ കാനഡയിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

മുതിര്‍ന്ന എന്‍സിപി നേതാവ് ബാബ സിദ്ദിഖിന്റെ കൊലപാതകവുമായി അന്‍മോല്‍ ബിഷ്ണോയിയുടെ പേര് ഉയര്‍ന്നുവന്നതിന് തൊട്ടുപിന്നാലെയാണ് എന്‍ഐഎ ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണ് സിദ്ദിഖിന്റെ കൊലപാതകത്തിന് ഉത്തരവാദികളെന്നും അന്‍മോലാണ് കൊലയ്ക്ക് നിര്‍ദേശം നല്‍കിയതെന്നും സംശയിക്കുന്നു.

2022ല്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും അന്‍മോല്‍ ബിഷ്ണോയിയെ എന്‍ഐഎ പരാമര്‍ശിച്ചിട്ടുണ്ട്. 2022 മേയില്‍ വെടിയേറ്റ് മരിച്ച പഞ്ചാബി ഗായകന്‍ സിദ്ധു മൂസ്‌വാലയുടെ കൊലപാതകത്തിലും ഇയാള്‍ പ്രതിയാണ്.

നടന്‍ സല്‍മാന്‍ ഖാന്റെ വീടിന് നേരെയുണ്ടായ വെടിവയ്പ്പിനെ തുടര്‍ന്ന് മുംബൈ പൊലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം സോഷ്യല്‍ മീഡിയ വഴി അന്‍മോല്‍ ഏറ്റെടുത്തിരുന്നു, അന്നുമുതല്‍ മുംബൈ പൊലീസ് ഇയാളെ തിരയുകയാണ്.

More Stories from this section

family-dental
witywide