ബെംഗളൂരു: ബെംഗളൂരു നഗരത്തെ ഞെട്ടിച്ച രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ബിജെപി പ്രവർത്തകനെ എൻഐഎ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ശിവമൊഗ തീർത്ഥഹള്ളി സ്വദേശിയായ സായ് പ്രസാദിനെയാണ് എൻഐഎ ചോദ്യം ചെയ്യാനായി കസ്റ്റിയിലെടുത്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാമേശ്വരം കഫേ സ്ഫോടനക്കേസിലെ രണ്ട് പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് സായ് പ്രസാദിനെ ചോദ്യം ചെയ്യുന്നത്. കേസിന്റെ ഭാഗമായി ശിവമൊഗയിലെ വീടുകളിലും കടയിലും എൻഐഎ റെയ്ഡ് നടത്തിയിരുന്നു.
മാർച്ച് ഒന്നിനാണ് ബംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിലെ കഫേയിൽ സ്ഫോടനം നടന്നത്. തിരക്കേറിയ ഉച്ച സമയത്തായിരുന്നു കഫേയിൽ സ്ഫോടനമുണ്ടായത്. പത്തുപേർക്ക് പരിക്കേറ്റിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് മാർച്ച് 28ന് കർണാടക സ്വദേശി മുസമ്മിൽ ശരീഫിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ മുസ്സവിർ ഷസീഖ് ഹുസെെൻ എന്നയാളാണ് ബോംബ് വച്ചതെന്ന് തിരിച്ചറിഞ്ഞതായി എൻഐഎ വ്യക്തമാക്കിയിരുന്നു.
ഇയാൾ ഒളിവിലാണ്. അബ്ദുൽ മതീൻ താഹയാണ് മറ്റൊരു ആസൂത്രകൻ. ഇവർക്ക് വേണ്ടി തെരച്ചിൽ ഊർജിതമാണ്. അതിനിടെയാണ് ബിജെപി പ്രവർത്തകനെ എൻഐഎ കസ്റ്റഡിയിലെടുത്തത്.
NIA detained BJP worker in rameswaram blast case