മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ കൊച്ചിയിലെ വീട്ടില്‍ റെയ്ഡ്; വാതില്‍ത്തകര്‍ത്ത്‌ അകത്തുകടന്ന് എന്‍.ഐ.എ സംഘം

കൊച്ചി: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ്. കൊച്ചിയിലെ തേവയ്ക്കലുള്ള വീട്ടിലാണ് വാതില്‍ പൊളിച്ച് അകത്തുകടന്ന് സംഘം പരിശോധന നടത്തുന്നത്. വാതില്‍ത്തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തന്റെ അഭിഭാഷകന്‍ എത്തിയിട്ടേ തുറക്കൂ എന്നായിരുന്നു മുരളിയുടെ നിലപാട്. ഇതേത്തുടര്‍ന്നാണ് സംഘം വാതില്‍ തകര്‍ത്ത് അകത്തുകടന്നത്. രാവിലെ ഏഴുമണിയോടെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്.

എട്ട് പേരടങ്ങുന്ന എന്‍.ഐ.എ സംഘമാണ് വീട്ടില്‍ റെയ്ഡിനെത്തിയത്. ഹൃദ്രോഗിയായ മുരളി ഈ വീട്ടില്‍ മകനോടൊപ്പമാണ് താമസം. ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് എന്‍.ഐ.എ ഉദ്യോഗസ്ഥ സംഘം എത്തിയിരിക്കുന്നതെന്നാണ്‌ വിവരം.

തെലങ്കാനയിലെ മാവോവാദി നേതാവ് സഞ്ജയ് ദീപക് റാവുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സഞ്ജയ് ദീപക് റാവുമായി മുരളി കണ്ണമ്പിള്ളിക്ക് സൗഹൃദമുണ്ട് എന്ന കണ്ടെത്തലിലാണ് ഇപ്പോള്‍ നടക്കുന്ന പരിശോധന. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പിന്നീട് സംഘം നീങ്ങിയേക്കുമെന്നാണ് കരുതുന്നത്.

More Stories from this section

family-dental
witywide