സമ്പൂർണ സൂര്യഗ്രഹണം വീക്ഷിക്കാൻ ഏറ്റവും പറ്റിയ സ്ഥലം നയാഗ്ര! 10 ലക്ഷം പേർ എത്തിയേക്കും; പ്രദേശത്ത് അടിയന്തരാവസ്ഥ

വാഷിംഗ്ടണ്‍: ഇന്ന് സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ലോകം സാക്ഷിയാകാന്‍ പോകുകയാണ്. സമ്പൂർണ സൂര്യഗ്രഹണം വീക്ഷിക്കാൻ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് വടക്കേ അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന്‍റെ സമീപ പ്രദേശം. സമ്പൂർണ സൂര്യഗ്രഹണത്തെ വീക്ഷിക്കാൻ ഏറ്റവും നല്ല സ്ഥലങ്ങളിൽ ഒന്നായ ഇവിടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനകം തന്നെ നയാഗ്ര വെള്ളച്ചാട്ടത്തിന്‍റെ സമീപ പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

തിരക്ക് നിയന്ത്രിക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം പത്ത് ലക്ഷം സന്ദർശകരെയാണ് ഇന്ന് നയാഗ്ര പ്രതീക്ഷിക്കുന്നത്. പ്രാദേശിക സമയം ഉച്ചക്ക് 2 മണി (ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടോടെ) യോടെയാണ് ഇവിടെ സമ്പൂർണ സൂര്യഗ്രഹണം അനുഭവപ്പെടുക. അതേസമയം സമ്പൂര്‍ണ സൂര്യഗ്രഹണത്തെത്തുടര്‍ന്ന് അമേരിക്കയിലുടനീളമുള്ള നൂറുകണക്കിന് സ്‌കൂളുകൾക്ക് അവധിയാണ്.

സൂര്യഗ്രഹണം കൂടുതൽ അറിയാം

ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായും മൂടുന്നതിനാല്‍ ഗ്രഹണം നിരവധി സംസ്ഥാനങ്ങളെ ഇരുട്ടിലാക്കും. എട്ടാം തിയതി വടക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും ഉടനീളം സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. ടെക്‌സസ്, ഒക്ലഹോമ, അര്‍ക്കന്‍സാസ്, മിസോറി, ഇല്ലിനോയിസ്, കെന്റക്കി, ഇന്ത്യാന, ഒഹിയോ, പെന്‍സില്‍വാനിയ, ന്യൂയോര്‍ക്ക്, വെര്‍മോണ്ട്, ന്യൂ ഹാംഷെയര്‍, മെയ്ന്‍ എന്നിവിടങ്ങളില്‍ ഗ്രഹണം ദൃശ്യമാകും. ടെന്നസി, മിഷിഗണ്‍ എന്നിവിടങ്ങളിലെ ചെറിയ ഭാഗങ്ങളിലും പൂര്‍ണ സൂര്യഗ്രഹണം അനുഭവപ്പെടും. 4 മിനിറ്റ് 28 സെക്കന്റ് നേരം പൂര്‍ണ്ണ സൂര്യഗ്രഹണം നീണ്ട് നില്‍ക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ നാലുമിനിറ്റും പൂര്‍ണസൂര്യഗ്രഹണം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ ഇരുട്ടായിരിക്കും.ഭൂമിക്കും സൂര്യനുമിടയില്‍ ചന്ദ്രന്‍ കടന്നുപോകുമ്പോള്‍ സൂര്യനെ പൂര്‍ണ്ണമായും മറയ്ക്കുകയും ഭൂമിയില്‍ നിഴല്‍ വീഴ്ത്തുകയും ചെയ്യുമ്പോള്‍ പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുന്നു. അപ്പോള്‍ സൂര്യനും ചന്ദ്രനും ഭൂമിയും ഒരു നേര്‍രേഖയില്‍ എത്തുകയും, ഭൂമിയുടെ ഉപരിതലത്തിന്റെ ചില ഭാഗങ്ങളില്‍ എത്തുന്നതില്‍ നിന്ന് ചന്ദ്രന്‍ സൂര്യ പ്രകാശത്തെ തടയുകയും ചെയ്യുന്നു. ഇതാണ് ചിലയിടങ്ങളില്‍ ഇരുട്ടുവീഴാന്‍ കാരണമാകുന്നത്. സമ്പൂര്‍ണ്ണമായും നിഴല്‍ മൂടുന്ന സൂര്യഗ്രഹണം മെക്‌സിക്കോയില്‍ ആരംഭിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ വിവിധ ഭാഗങ്ങളിലേക്ക് നീങ്ങും. സൂര്യനെ നേരിട്ട് നോക്കുന്നത് കണ്ണിന് സ്ഥിരമായ തകരാറുണ്ടാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

Niagara region declares state of emergency out of caution ahead of rare eclipse