![](https://www.nrireporter.com/wp-content/uploads/2024/03/niyazi-gangster.jpg)
ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തങ്ങളുടെ മോസ്റ്റ് വാണ്ടഡ് ഗുണ്ടാസംഘത്തിലൊരാളെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഗൗസ് നിയാസി എന്ന ഗുണ്ടയെയാണ് അന്വേഷണ സംഘം പിടിച്ചത്. 2016ല്‍ ബാംഗ്ലൂരില്‍ ആര്‍എസ്എസ് നേതാവ് രുദ്രേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യിലെ പ്രമുഖ നേതാവ് മുഹമ്മദ് ഗൗസ് നിയാസി.
നിയാസിയെ കണ്ടെത്താനായി ഏജന്‍സി 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇത് ഇയാളിലേക്കെത്താന്‍ അന്വേഷണ ഏജന്‍സിയെ സഹായിച്ചു. കൊലപാതകം നടത്തിയതിനെത്തുടര്‍ന്ന് വിവിധ രാജ്യങ്ങളിലായി ഒളിവില്‍ കഴിഞ്ഞാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും തടിതപ്പിയത്.
നിയാസിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) കേന്ദ്ര ഏജന്‍സിയുമായി നിര്‍ണായക വിവരങ്ങള്‍ പങ്കിട്ടു. തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയില്‍ ഒളിവില്‍ക്കഴിഞ്ഞിരുന്ന നിയാസി പിടിയിലായത്.