പന്നൂൻ വധ ഗൂഢാലോചന: നിഖിൽ ഗുപ്തയുടെ കേസിൽ ഇടപെടാനാവില്ല എന്ന് സുപ്രീം കോടതി

അമേരിക്കൻ പൌരനായ ഖലിസ്ഥാൻവാദി നേതാവ് ഗുർപട്വവന്ത് സിങ് പന്നൂനെ വധിക്കാൻ വാടക കൊലയാളിയെ ഏർപ്പെടുത്തി എന്നു അമേരിക്ക ആരോപിക്കുന്ന ഇന്ത്യക്കാരൻ നിഖിൽ ഗുപ്തയുടെ കേസിൽ ഇടപെടില്ല എന്ന് ഇന്ത്യയുടെ പരമോന്നത നീതി പീഠം വ്യക്തമാക്കി. ഗുജറാത്ത് സ്വദേശിയായ നിഖിൽ ഗുപ്ത ഇപ്പോൾ ചെക്ക് റിപബ്ളിക്കിൽ തടവിലാണ്. ഇയാൾക്ക് നിയമസഹായവും കോൺസുലാർ സഹായവും ആവശ്യപ്പെട്ട് ബന്ധു നൽകിയ പരാതിയാണ് സുപ്രീം കോടതി തള്ളിയത്. നിഖിൽ ഗുപ്തയുടെ കാര്യത്തിൽ കോടതി ഇടപെടില്ല എന്നും കേന്ദ്ര സർക്കാരിനെയാണ് സമീപിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

ഗുപ്തയെ ചെക്ക് റിപബ്ളിക്കിൽ തടവിൽ വച്ചിരിക്കുന്നത് നിയമവിരുദ്ധമായാണെന്നും അവിടെ നീതി പൂർവമായ വിചാരണ അയാൾക്ക് ലഭിക്കില്ല എന്നും ഗുപ്തക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഈ കാര്യത്തിൽ ഇടപെട്ടില്ലെങ്കിൽ ഗുപ്തയെ അവർ ഉടൻ അമേരിക്കയ്ക്ക് വിട്ടു നൽകുമെന്നും അഭിഭാഷകൻ പറഞ്ഞു. പേര് വെളിപ്പെടുത്താത്ത ഗുപ്തയുടെ ഒരു ബന്ധുവാണ് കോടതിയെ സമീപിച്ചത്.

ഒരു വിദേശ രാജ്യത്തിൻ്റെ പരമാധികാരത്തെയും ആ രാജ്യത്തിൻ്റെ കോടതിയുടെ അധികാര പരിധിയേയും മാനിക്കുന്നതിനാൽ കേസിൽ ഇടപെടാനാകില്ല എന്ന് കോടതി അറിയിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരുടെ ബഞ്ചാണ് വിധി പറഞ്ഞത്. ഒരു ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ്റെ നിർദേശ പ്രകാരം പന്നൂനെ വധിക്കാൻ നിഖിൽ ഗുപ്ത ഒരു വാകടക്കൊലയാളിയെ ഏർപ്പെടുത്തിയെന്നും അയാൾക്ക് ഒരു ലക്ഷം അമേരിക്കൻ ഡോളർ വാഗ്ദാനം ചെയ്തുവെന്നും അമേരിക്ക പറയുന്നു. ഇയാൾ ഏർപ്പെടുത്തിയ വാടകക്കൊലയാളി ഒരു അമേരിക്കൻ ഏജൻ്റായിരുന്നു. ഗുർപട്വന്ത്സിങ് പന്നൂനെ ഇന്ത്യ ഒരു ഭീകരവാദിയായി പ്രഖ്യാപിച്ചിരുന്ന വ്യക്തിയാണ്. നിഖിൽ ഗുപ്തയെ കൈമാറാൻ അമേരിക്ക ചെക്ക് റിപബ്ലിക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 20 വർഷം വരെ തടവ് കിട്ടാൻ സാധ്യതയുള്ള കുറ്റമാണ് ഗുപ്തയുടെ മേൽ അമേരിക്ക ചുമത്തിയിരിക്കുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് മറ്റൊരു ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ വെടിയേറ്റു മരിച്ച സംഭവത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ട് എന്ന കാനഡയുടെ ആരോപണം ഇന്ത്യ നിഷേധിച്ചിരുന്നു എന്നു മാത്രമല്ല അതേ തുടർന്ന് ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം മോശമാവുകയും ചെയ്തിരുന്നു.

Nikhil Gupta: India Supreme Court rejects plea from US murder plot accused

More Stories from this section

family-dental
witywide