സൈന്യത്തോട് അനാദരവ് കാണിച്ച ട്രംപിന് പ്രസിഡന്റാകാന്‍ യോഗ്യതയില്ലെന്ന് നിക്കി ഹേലി

വാഷിംഗ്ടണ്‍: സൈന്യത്തോട് അനാദരവ് കാണിച്ച ട്രംപിന് പ്രസിഡന്റാകാന്‍ യോഗ്യതയില്ലെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി നിക്കി ഹേലി. സൈനികനായ തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള ട്രംപിന്റെ പരാമര്‍ശത്തില്‍ അനിഷ്ടം പ്രകടിപ്പിച്ചാണ് നിക്കി ഹേലിയുടെ പ്രതികരണം.

സൈന്യത്തോടുള്ള അനാദരവോടെ, യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രസിഡന്റാകാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്ന് അദ്ദേഹം കാണിച്ചുതന്നുവെന്നും, ട്രംപ് സൈന്യത്തെ സംരക്ഷിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നുമാണ് ഹേലി പറഞ്ഞത്.

പ്രചരണത്തിനിടെ പലപ്പോഴും ട്രംപ് നിക്കിയെ വ്യക്തിപരമായി പരാമര്‍ശിച്ച് സംസാരിക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. നിക്കി ഹേലിയുടെ സൈനിക ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ പരാമര്‍ശിച്ചായിരുന്നു ട്രംപിന്റെ കടുത്ത വമര്‍ശനം അടുത്തിടെ എത്തിയത്. ”അവളുടെ ഭര്‍ത്താവ് എവിടെയാണ്? അയാളെവിടെയോ ദൂരെ പോയി… അയാള്‍ക്ക് എന്താണ് പറ്റിയത്? അയാളെവിടെ പോയി… ‘ സൗത്ത് കരോലിനയിലെ കോണ്‍വേയില്‍ നടന്ന റാലിയില്‍ ട്രംപ് നിക്കിയെ കളിയാക്കിക്കൊണ്ട് ട്രംപ് സംസാരിച്ചത് ഇങ്ങനെയായിരുന്നു.

സൗത്ത് കരോലിന നാഷണല്‍ ഗാര്‍ഡിലെ കമ്മീഷന്‍ഡ് ഓഫീസറായ ഹേലിയുടെ ഭര്‍ത്താവ് മേജര്‍ മൈക്കല്‍ ഹേലി നിലവില്‍ അമേരിക്കന്‍ സേനയ്‌ക്കൊപ്പം ആഫ്രിക്കയിലാണ് നിക്കി ഹേലിക്കൊപ്പം അദ്ദേഹം ഇല്ലാത്തതിനെ പരാമര്‍ശിച്ചാണ് ട്രംപിന്റെ കളിയാക്കല്‍ വന്നത്.

“ഡൊണാൾഡ്, നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ, അത് എൻ്റെ പുറകിൽ പറയരുത്; ഒരു സംവാദ വേദിയിൽ കയറി എൻ്റെ മുഖത്ത് നോക്കി പറയൂ,” നിക്കി ഹേലി മറുപടിയായി സൗത്ത് കരോലിന റാലിയില്‍ പറഞ്ഞു. ഹേലിയുടെ ഭർത്താവിനെ കുറിച്ചുള്ള ട്രംപിൻ്റെ പരാമർശത്തിനു വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.

” എന്റെ ഭര്‍ത്താവ് മൈക്കിളിനെ കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു. രാജ്യത്തു നിന്നും കുടുംബത്തില്‍ നിന്നും മാറി ദൂരെ മറ്റൊരിടത്ത് സേവനം ചെയ്യുന്ന സൈനികര്‍ വലിയ ത്യാഗമാണ് ചെയ്യുന്നത്. അത്തരം സൈനികരുടെ സേവനത്തെ വിലമതിക്കാതെ കളിയാക്കാന്‍ മുതിരുന്ന ഒരാള്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രസിഡന്റാകാന്‍ മാത്രമല്ല, ഒരു ഡ്രൈവിംഗ് ലൈസന്‍സിനു പോലും അര്‍ഹതയില്ല എന്നു ഞാന്‍ പറയും. മൈക്കിള്‍ യുഎസിനു വേണ്ടി സേവനം ചെയ്യാനാണ് പോയിരിക്കുന്നത്. സൈനിക കുടുംബങ്ങളുടെ ത്യാഗങ്ങളെ നിരന്തരം അനാദരിക്കുന്ന ഒരാള്‍ക്ക് കമാന്‍ഡര്‍-ഇന്‍-ചീഫ് ആകാന്‍ യോഗ്യതയില്ല,” എന്നും അന്ന് ഹേലി പറഞ്ഞിരുന്നു.