വാഷിങ്ടൺ: മുൻ യുഎസ് അംബാസഡർ നിക്കി ഹേലി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുമെന്ന് റിപ്പോർട്ട്. നിക്കി ഹേലി പിന്മാറിയാൽ ഡൊണാൾഡ് ട്രംപിനെ പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വത്തിനുള്ള ഏക റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.
ഗവർണറായി സേവനമനുഷ്ഠിച്ച സൗത്ത് കരോലിന സംസ്ഥാന തലസ്ഥാനമായ ചാൾസ്‌റ്റണിൽ നിന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ നിക്കി ഹേലി തീരുമാനം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വാൾ സ്ട്രീറ്റ് ജേണലും CNN ഉം റിപ്പോർട്ട് ചെയ്യുന്നു.
യുഎസ് സ്റ്റേറ്റായ വെർമോണ്ടിൽ നടന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ ഡൊണാൾഡ് ട്രംപിനെതിരെ അതിശയിപ്പിക്കുന്ന വിജയം നേടിയതിന് ശേഷമാണ് മത്സരത്തിൽ നിന്ന് പിൻവാങ്ങുന്നത്. 2024 ലെ വൈറ്റ് ഹൗസിലേക്കുള്ള മത്സരത്തിലെ നിക്കി ഹേലിയുടെ രണ്ടാമത്തെ വിജയമാണിത്.
77 കാരനായ ഡൊണാൾഡ് ട്രംപ് മറ്റെല്ലാ സംസ്ഥാനങ്ങളിലും ലീഡ് നിലനിർത്തി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിലേക്ക് ഉറപ്പ് നേടിക്കൊണ്ടിരിക്കുകയാണ്. നവംബറിലാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്.