വാഷിംഗ്ടണ്‍: വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ സൗത്ത് കരോലിന ഗവര്‍ണര്‍ നിക്കി ഹേലിയെ തന്റെ വൈസ് പ്രസിഡന്റ് മത്സരാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഹേലി മത്സരിക്കുന്നുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് ട്രംപ് തന്നെ വിശദീകരണവുമായി എത്തിയത്. നേരത്തെ, രണ്ട് ജിഒപി നേതാക്കളും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രാഥമിക പോരാട്ടത്തെ അഭിമുഖീകരിച്ചിരുന്നു. തുടര്‍ന്ന് മോശം പിന്തുണ ലഭിച്ച ഹേലി മത്സരത്തില്‍ നിന്ന് പിന്മാറിയെങ്കിലും ട്രംപിനെ അംഗീകരിച്ചിട്ടില്ല, വിമര്‍ശനം തുടരുക തന്നെ ചെയ്തു.
ശനിയാഴ്ച തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍, നിക്കി ഹേലി പരിഗണനയിലില്ലെന്ന് ട്രംപ് വ്യക്തമാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഒരു എക്‌സ് ഉപയോക്താവ് മറ്റൊരാള്‍ വിവേക് രാമസ്വാമിയുടെ പേര് ചേര്‍ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്സിലുടനീളമുള്ള പ്രൈമറികളില്‍ ഹേലിക്ക് ഗണ്യമായ വോട്ടുകള്‍ ലഭിക്കുന്നത് തുടരുന്നു. രണ്ട് മാസം മുമ്പ് കാമ്പെയ്നില്‍ നിന്ന് പിന്മാറിയതിന് ശേഷവും ഈ വ്യാഴാഴ്ച ഇന്ത്യാനയുടെ പ്രൈമറിയില്‍ അവര്‍ക്ക് 22 ശതമാനം വോട്ടു ലഭിച്ചു എന്നതും ശ്രദ്ധേയമാണ്.
ഹേലിയെ പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കന്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയുന്ന ആളെ തിരഞ്ഞെടുക്കുന്നത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ സഹായിക്കും. ചില വിദഗ്ദരുടെ അഭിപ്രായത്തില്‍, ഹേലി തന്നെയായിരിക്കും അങ്ങനെ ചെയ്യാന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയെന്നും വിലയിരുത്തലുണ്ട്.