നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലെത്തി; മകളെ കാണും കൊല്ലപ്പെട്ട അബ്ദുമഹ്ദിയുടെ കുടുംബത്തെയും

ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിൽ എത്തി. ഇന്നലെ രാത്രി ഏദനിലെ വിമാനത്താവളത്തിൽ എത്തിയ പ്രേമകുമാരി റോഡ് മാർഗം സനയിലേക്ക് പോകും. നിമിഷപ്രിയയെ ജയിലെത്തി കണ്ടതിന് ശേഷം യെമനിലെ ഗോത്രതലവന്മാരെ അടക്കം പ്രേമകുമാരി കാണും. കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ കുടുംബത്തെയും പ്രേമകുമാരി സന്ദർശിക്കും.

ശനിയാഴ്ച പുലർച്ചെയാണ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട പ്രേമകുമാരിയും സാമുവൽ ജെറോമും മുംബൈ വഴി യെമനിലേക്ക് പുറപ്പെട്ടത്. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം. യെമനിലെ സര്‍ക്കാരുമായി ഇന്ത്യക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ല. ഈ സാഹചര്യത്തില്‍ ‘സേവ് നിമിഷ പ്രിയ’ ആക്ഷന്‍ കൗണ്‍സിലാണ് യെമനിലെ ചര്‍ച്ചകള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത്.

2017ൽ യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ബ്ലഡ്‌ മണി നൽകി മോചനം സാധ്യമാക്കാൻ ആണ് ശ്രമം. മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പ്രേമകുമാരിക്ക്‌ ഒപ്പം ഉണ്ട്.

More Stories from this section

family-dental
witywide