ഒടുവിൽ മകളെ കാണാൻ അമ്മ എത്തുന്നു; നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ യമനിലേക്ക് തിരിച്ചു

കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി.

ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് നിമിഷ പ്രിയയുടെ അമ്മ യമനിലേക്ക് യാത്ര തിരിച്ചത്. മുംബൈ വഴിയാണ് യാത്ര. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവല്‍ ജെറോമും അമ്മയ്‌ക്കൊപ്പം ഉണ്ട്. ജയിലിലെത്തി നിമിഷയെ കാണാനാകുമെന്നാണ് പ്രതീക്ഷ.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017 ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷ പ്രിയക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീംകോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്റെ വാദം. ഇതിനായുള്ള ചര്‍ച്ചക്കാണ് പ്രേമകുമാരി യെമനിലേക്ക് പോകുന്നത്.

കൊല്ലപ്പെട്ട യെമൻ പൗരൻ അബ്ദു മഹീദിന്റെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്താനും സാധ്യതയുണ്ട്. നിലവിൽ യെമനിലെ സർക്കാരുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധമില്ലെന്നത് ചർച്ചകൾക്ക് തടസമാണ്. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലാണ് യെമനിലെ ചർച്ചകൾക്കുള്ള ക്രമീകരണങ്ങൾ നടത്തുന്നത്. നേരത്തെ പ്രേമകുമാരിക്ക് പോകുന്നതിന് സർക്കാരിന് സഹായം ചെയ്യാൻ കഴിയില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സ്വന്തമായി പോകാമെന്ന് പ്രേമകുമാരി അറിയിച്ചത്. കോടതി ഇക്കാര്യം അംഗീകരിച്ചതോടെയാണ് യാത്ര സാധ്യമായത്.

More Stories from this section

family-dental
witywide