മലപ്പുറം: തിരുവാലി നടുവത്ത് മരിച്ച 24കാരന് നിപ സ്ഥിരീകരിച്ചതിനു പിന്നാലെ മലപ്പുറം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. പ്രത്യേകിച്ച് ജില്ലയിലെ തിരുവാലി, മമ്പാട് എന്നീ പഞ്ചായത്തുകളിലാണ് നിയന്ത്രണങ്ങൾ തുടരുന്നത്. ഇതിനോടനുബന്ധിച്ച് തിരുവാലിയിൽ ഇന്നും ആരോഗ്യവകുപ്പ് സർവേ തുടരും. രോഗലക്ഷണങ്ങളുളള കൂടുതൽ പേരെ കണ്ടെത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം നടത്തിയ സർവേയിൽ സമ്പർക്ക പട്ടികയിലുളള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തിയിട്ടുണ്ട്.
മരിച്ച വിദ്യാർത്ഥിയുടെ റൂട്ട് മാപ്പ് കഴിഞ്ഞ ദിവസം തന്നെ ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നു. കൂടുതൽ വിവരങ്ങൾ കിട്ടുന്നതോടെ സമ്പർക്ക പട്ടികയിലുളളവരുടെ എണ്ണം ഉയരാനാണ് സാദ്ധ്യത. മലപ്പുറം ജില്ലയിലും പ്രത്യേകിച്ച് തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്മെൻ്റ് സോണായ വാർഡുകളിലും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്.
ബംഗളൂരുവിൽ പഠിച്ചിരുന്ന യുവാവ് പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ സെപ്തംബർ ഒമ്പതിന് രാവിലെ എട്ടരയ്ക്കാണ് മരിച്ചത്.മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടൻ ജില്ലാ മെഡിക്കൽ ഓഫീസർ മുഖേന സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കയച്ചു. ശനിയാഴ്ച വൈകിട്ട് പുറത്തുവന്ന പരിശോധനാ ഫലം പോസിറ്റീവായിരുന്നു.