മലപ്പുറത്ത് നിപ ജാഗ്രത; മാസ്‌ക് നിര്‍ബന്ധം, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂട്ടംകൂടരുത്, കൂടുതല്‍നിയന്ത്രണങ്ങള്‍

മലപ്പുറം: മലപ്പുറം തിരുവാലിയിലെ 24-കാരന്റെ മരണം നിപ ബാധിച്ചാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. മലപ്പുറം ജില്ലയില്‍ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

തിരുവാലി, മാമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു. തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ 7-ാം വാര്‍ഡ് എന്നിവ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് പ്രഖ്യാപിച്ചു.

കണ്ടെയ്ന്‍മെന്റ് സോണുകളിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍

1 പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടുള്ളതല്ല.

2 വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 7 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. (പാല്‍, പത്രം, പച്ചക്കറി എന്നിവക്ക് രാവിലെ 6 മുതല്‍ പ്രവര്‍ത്തിക്കാവുന്നതാണ്). മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.

3 സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളതല്ല.

4 സ്‌കൂളുകള്‍, കോളേജുകള്‍, മദ്രസ്സുകള്‍ അംഗനവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുള്ളതല്ല.

മലപ്പുറം ജില്ലയിലെ പൊതു നിന്ത്രണങ്ങള്‍

1 പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.

2 പൊതുജനങ്ങള്‍ പുറത്തിറങ്ങുന്ന സമയത്തും, യാത്രകളിലും, മറ്റ് കൂടിച്ചേരലുകളിലും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കേണ്ടതാണ്.

3 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ സ്‌കൂള്‍ പ്രവര്‍ത്തി സമയങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കേണ്ടതാണ്.

4 കല്യാണം/മരണം/മറ്റ് ആഘോഷങ്ങള്‍ എന്നിവയിലും കൂടിച്ചേരലുകള്‍ പരമാവധി കുറക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.

5 പനി മുതലായ രോഗ ലക്ഷണങ്ങള്‍ കാണുന്ന സമയത്ത് സ്വയം ചികിത്സിക്കാന്‍ പാടില്ലാത്തതും, ഒരു രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതുമാണ്.

6 പക്ഷികള്‍, വവ്വാലുകള്‍. മറ്റ് ജീവികള്‍ കടിച്ചതോ, ഫലവൃക്ഷങ്ങളില്‍ നിന്നും താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങള്‍ യാതൊരു കാരണവശാലും കഴിക്കാന്‍ പാടുള്ളതല്ല. പഴം, പച്ചക്കറികള്‍ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

7 പനി, ചര്‍ദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെടുന്ന പക്ഷം രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ 0483- 2732010, 0483-2732050, എന്നീ നമ്പരുകളില്‍ വിളിച്ച് അറിയിക്കേണ്ടതുമാണ്.