നിതി ആയോഗ് യോഗത്തില്‍ സംസാരിക്കാന്‍ 5 മിനുട്ട്, മൈക്ക് ഓഫാക്കിയെന്നും മമത, നിഷേധിച്ച് നിര്‍മ്മലാ സീതാരാമന്‍

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ അനുവദിക്കുന്നതിനായി ഡല്‍ഹിയില്‍ ചേര്‍ന്ന നിതി ആയോഗ് യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ തഴഞ്ഞെന്ന ആരോപണം നിഷേധിച്ച് കേന്ദ്രം.

രാഷ്ട്രീയ വിവേചനമാണ് ഉണ്ടായതെന്നും അഞ്ച് മിനിറ്റ് മാത്രമേ സംസാരിക്കാന്‍ അനുവദിച്ചുള്ളൂവെന്നും മമത തന്നെയാണ് പരാതി പങ്കുവെച്ചത്. മറ്റെല്ലാ ഇന്ത്യ ബ്ലോക്ക് നേതാക്കളും പരിപാടി ബഹിഷ്‌കരിച്ചതിനാല്‍, ബിജെപി ഇതര ഭരണമുള്ള ഒരു സംസ്ഥാനത്ത് നിന്ന് യോഗത്തില്‍ പങ്കെടുത്ത ഏക മുഖ്യമന്ത്രി മമതാ ബാനര്‍ജിയായിരുന്നു. അഞ്ച് മിനിറ്റ് മാത്രമേ സംസാരിക്കാന്‍ അനുവദിച്ചുള്ളൂവെന്നും തന്റെ മൈക്ക് നിശബ്ദമാക്കിയെന്നും അവര്‍ ആരോപിച്ചു. ചന്ദ്രബാബു നായിഡുവിന് സംസാരിക്കാന്‍ 20 മിനിറ്റ് കൊടുത്തുവെന്നും മമത വ്യക്തമാക്കി.

എന്നാല്‍, മമതയുടെ അവകാശവാദങ്ങള്‍ കേന്ദ്രം നിഷേധിക്കുകയും മൈക്ക് ഓഫാക്കിയിട്ടില്ലെന്നും വിശദീകരണം എത്തി. യോഗത്തില്‍ മമതയുടെ മൈക്രോഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായി അവകാശപ്പെടുന്നുവെന്നും ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി. നിതി ആയോഗ് യോഗത്തില്‍ മമത പങ്കെടുത്തിരുന്നു. എല്ലാവരും അവരെ കേട്ടു. ഓരോ മുഖ്യമന്ത്രിക്കും കൃത്യമായ സമയം അനുവദിച്ചിരുന്നു. അത് മുന്നിലുണ്ടായിരുന്ന സ്‌ക്രീനിലുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷമായിരുന്നു മമത ബാനര്‍ജിയുടെ ഊഴം. എന്നാല്‍, നേരത്തെ മടങ്ങണമെന്ന് അവര്‍ അഭ്യര്‍ഥിച്ചതിന്റെ പശ്ചാത്തലത്തില്‍ അവര്‍ ഏഴാമതായി സംസാരിക്കുകയായിരുന്നുവെന്നും നിര്‍മ്മല വ്യക്തമാക്കി.

കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളോട് വിവേചനം കാണിക്കരുതെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എന്റെ മൈക്ക് നിശബ്ദമാക്കി. എനിക്ക് അഞ്ച് മിനിറ്റ് മാത്രമേ സംസാരിക്കാന്‍ അനുവാദമുള്ളൂ, എനിക്ക് മുമ്പുള്ള ആളുകള്‍ 10-20 മിനിറ്റ് സംസാരിച്ചു,’ മമത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിപക്ഷത്ത് നിന്ന് ഞാന്‍ മാത്രമാണ് പങ്കെടുത്തതെങ്കിലും സംസാരിക്കാന്‍ എന്നെ അനുവദിച്ചില്ല, ഇത് അപമാനകരമാണ്, ”മമത കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ബ്ലോക്ക് മുഖ്യമന്ത്രിമാര്‍ യോഗം ബഹിഷ്‌കരിച്ചെങ്കിലും, കേന്ദ്ര ബജറ്റില്‍ ബംഗാളിനോട് കാണിച്ച ‘രാഷ്ട്രീയ വിവേചനം’ ഉയര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide