ലോസ് ആഞ്ചലസ് : ലോസ് ആഞ്ചലസ് സിറ്റി കൗണ്‍സിലിലേക്ക് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ – അമേരിക്കന്‍ നിത്യ രാമന്‍. ഹോളിവുഡ് ഹില്‍സ് ഉള്‍പ്പെട്ട ഡിസ്ട്രിക്ടില്‍ ആദ്യ വട്ട വോട്ടിങ്ങില്‍ തന്നെ 50.6 ശതമാനത്തിന്റെ പിന്തുണയുമായി മലയാളിയായ നിത്യ രാമന്‍ ജയിച്ചു കയറി. രണ്ടാമത് എത്തിയ ഡെപ്യൂട്ടി അറ്റോണി എതാന്‍ വീവര്‍ നേടിയത് 38.6% വോട്ടായിരുന്നു
പൊലീസ് യൂണിയനുകളുടെ ഉള്‍പ്പെടെ പിന്തുണ ഉണ്ടായിരുന്ന വീവര്‍ 1.35 മില്യണ്‍ ഡോളര്‍ ചിലവഴിച്ചു കരുത്തു കാട്ടിയെങ്കിലും പുറമെ നിന്നു നിക്ഷിപ്ത താല്‍പര്യക്കാര്‍ നല്‍കുന്ന പിന്തുണ കണ്ടു വോട്ട് ചെയ്യരുതെന്ന നിത്യയുടെ വാക്കുകള്‍ക്കായിരുന്നു പിന്തുണ ലഭിച്ചത്. പ്രചാരണത്തില്‍ സഹായിച്ചവര്‍ക്കും വോട്ട് ചെയ്തവര്‍ക്കും നന്ദി പറഞ്ഞ നിത്യ നഗരത്തില്‍ പ്രത്യാശയും സാധ്യതകളും നിറഞ്ഞുനില്‍ക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
പാര്‍പ്പിട പ്രശ്‌നം ഗൗരവമായ ലോസ് ആഞ്ജലസില്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു നിത്യ രാമന്‍ ജനപിന്തുണ നേടിയിരുന്നു. സാന്‍ മത്തേയോ സിറ്റിയില്‍ ഇന്ത്യന്‍ വംശജനായ നിക്കോള്‍ ഫെര്‍ണാണ്ടസ് 70% വോട്ട് നേടി കൗണ്‍സിലിലേക്കു ജയിച്ചു. എമെറിവില്ലില്‍ സുഖദീപ് കൗര്‍ ഒരിക്കല്‍ കൂടി സിറ്റി കൗണ്‍സിലിലേക്ക് വിജയം കണ്ടു.