രാജ്യത്തെ ദാരിദ്ര്യനിരക്ക് കുത്തനെ കുറയുന്നുവെന്ന് നിതി ആയോഗ്

ന്യൂഡല്‍ഹി: രാജ്യത്തെ ദാരിദ്ര്യനിരക്ക് കുത്തനെ കുറയുന്നുവെന്ന് നിതി ആയോഗ് സി.ഇ.ഒ സുബ്രഹ്മണ്യം പറഞ്ഞു. ഗാര്‍ഹിക ഉപഭോഗ ചെലവ് സംബന്ധിച്ച് സ്ഥിതിവിവരക്കണക്ക് ഓഫീസ് പുറത്തുവിട്ട ഏറ്റവും പുതിയ സര്‍വേ കാണിക്കുന്നത് ഗ്രാമീണ ഉപഭോഗം ശക്തമായി തുടരുകയും നഗരങ്ങളുമായുള്ള വിടവ് കുറയ്ക്കുകയും രാജ്യത്തെ ദാരിദ്ര്യനിരക്ക് കുത്തനെ കുറയ്ക്കുകയും ചെയ്യുമെന്ന് നിതി ആയോഗ് സിഇഒ വ്യക്തമാക്കി.

കണക്കുകള്‍ പ്രകാരം രാജ്യത്തെ ദാരിദ്ര്യത്തിന്റെ അളവ് 5 ശതമാനം, അല്ലെങ്കില്‍ അതില്‍ താഴെയായിരിക്കാമെന്നും, ഗ്രാമീണ ദാരിദ്ര്യം ഏതാണ്ട് അപ്രത്യക്ഷമായിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ചില്ലറ പണപ്പെരുപ്പ സൂചികയില്‍ ഭക്ഷ്യധാന്യങ്ങളുടെയും ധാന്യങ്ങളുടെയും വിഹിതം കുറവായതിനാല്‍ ആര്‍ബിഐ പലിശനിരക്ക് നിശ്ചയിക്കുന്നതില്‍ ഈ സംഖ്യകള്‍ക്ക് സ്വാധീനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ദാരിദ്ര്യം കണക്കാക്കുന്നത് ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലാണ്. 2017-18 ലെ ഡാറ്റ പുറത്തുവിട്ടിട്ടില്ല, അതിനാല്‍ ഇതാണ് ഏറ്റവും പുതിയ കണക്ക്. ഇതിന്‍പ്രകാരമാണ് പുതിയ കണക്കുകള്‍ ലഭ്യമായത്. ഗാര്‍ഹിക ഉപഭോഗ ചെലവുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ ഡാറ്റ ഗ്രാമീണ, നഗര ഉപഭോഗത്തില്‍ കാര്യമായ മാറ്റങ്ങള്‍ കാണിക്കുന്നു.

ഭക്ഷണത്തിന്റെയും ധാന്യങ്ങളുടെയും വിഹിതം കുറയുന്നു. ഫ്രിഡ്ജ്, ടെലിവിഷന്‍, പാനീയങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം, വൈദ്യ പരിചരണം, ഗതാഗതം തുടങ്ങിയ ഭക്ഷ്യേതര ഇനങ്ങളുടെ ചെലവ് ഈ കാലയളവില്‍ വര്‍ദ്ധിച്ചു, അതേസമയം ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്കുള്ള ചെലവ് കുറഞ്ഞിട്ടുമുണ്ട്.

നിലവിലെ വിലയില്‍, ഗ്രാമീണ പ്രതിശീര്‍ഷ ചെലവ് 2011-12 ലെ 1,430 രൂപയില്‍ നിന്ന് 164% ഉയര്‍ന്ന് 2022-23 ല്‍ 3,773 രൂപയായപ്പോള്‍ നഗര കേന്ദ്രങ്ങളില്‍ 2011-12 ല്‍ 2,630 രൂപയില്‍ നിന്ന് 146% വര്‍ധിച്ചു. 2022-23ല്‍ ഇത് 6459 രൂപിലേക്കെത്തി.

ഗ്രാമപ്രദേശങ്ങളില്‍, പ്രതിമാസ ഉപഭോഗത്തില്‍ ഭക്ഷണത്തിന്റെ പങ്ക് 2011-12 ലെ 53% ല്‍ നിന്ന് 2022-23 ല്‍ 46.4% ആയി കുറഞ്ഞപ്പോള്‍ ഭക്ഷ്യേതര ഇനങ്ങള്‍ക്കുള്ള ചെലവ് 47.15 ല്‍ നിന്ന് 54% ആയി ഉയര്‍ന്നു. നഗര കേന്ദ്രങ്ങളിളും ഇതേ പ്രവണത ദൃശ്യമായിരുന്നു. 2011-22 ലെ 43% ല്‍ നിന്ന് 2022-23 ല്‍ ഭക്ഷണത്തിനുള്ള ചെലവ് 39.2% ആയി കുറഞ്ഞപ്പോള്‍ ഭക്ഷ്യേതര ചെലവ് 2011-12 ലെ 57.4% ല്‍ നിന്ന് 2022-23 ല്‍ 60.8% ആയി ഉയര്‍ന്നുവെന്നും സര്‍വേ കാണിക്കുന്നു.

More Stories from this section

family-dental
witywide