പട്ന: ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിനെതിരെ വിവാദ പരാമർശവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ലാലു പ്രസാദ് കുറേയേറെ മക്കളെ ഉണ്ടാക്കിയെന്നായിരുന്നു നിതീഷ് കുമാറിന്റെ വിവാദ പ്രസ്താവന. ആരായാലും ഇത്രയധികം മക്കളെ ഉണ്ടാക്കാമോയെന്നും നിതീഷ് കുമാർ ചോദിച്ചു. കതിഹാറിലെ തിരഞ്ഞെടുപ്പു റാലിയിലായിരുന്നു നിതീഷിന്റെ വിവാദ പരാമർശം.
ലാലുവിന്റെ പാർട്ടിയായ ആർജെഡിയിലെ കുടുംബാധിപത്യത്തെ വിമർശിക്കുന്നുവെന്ന തരത്തിലാണ് നിതീഷിന്റെ പ്രസ്താവന, മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നപ്പോൾ ഭാര്യയെ ലാലു മുഖ്യമന്ത്രിയാക്കി. ഇപ്പോൾ രണ്ടാൺമക്കൾക്കു പുറമെ പെൺമക്കളെയും ലാലു രാഷ്ട്രീയത്തിലിറക്കിയെന്നും നിതീഷ് കുമാർ പറഞ്ഞു. ഒമ്പത് മക്കളാണ് ലാലുവിനുള്ളത്. ലാലു യാദവിന്റെ പെൺമക്കളായ മിസ ഭാരതിയും രോഹിണി ആചാര്യയും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. രാജ്യസഭാംഗമായ മിസ ഭാരതി പാടലിപുത്ര മണ്ഡലത്തിലും പുതുമുഖമായ രോഹിണി ആചാര്യ സാരൺ മണ്ഡലത്തിലുമാണ് ഇത്തവണ ആർജെഡിക്ക് വേണ്ടി കളത്തിലിറങ്ങുന്നത്.
ലാലുവിന്റെ മക്കളാൈയ തേജസ്വി യാദവും മുൻമന്ത്രി തേജ് പ്രതാപ് യാദവും എംഎൽഎമാരാണ്. ലാലുവിന്റെ പത്നി റാബ്റി ദേവി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും. ലാലു–റാബ്റി ദമ്പതികൾക്ക് രണ്ടാൺമക്കളും ഏഴു പെൺമക്കളുമാണുള്ളത്.
Nitish Kumar controversial comment on Lalu prasad