
പട്‌ന: 2022 ജൂലൈയിൽ താൻ എവിടെയായിരുന്നോ അവിടേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നിതീഷ് കുമാർ. ബിജെപി പാളയത്തിലേക്ക് തിരിച്ചു ചാടി, ബീഹാർ മുഖ്യമന്ത്രിയായി ഒമ്പതാം തവണയും സത്യപ്രതിജ്ഞ ചെയ്ത ശേഷം നിതീഷ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു, “ഞങ്ങൾ ഇനി ഒരുമിച്ച് നിൽക്കാൻ പോകുന്നു.”
“ഞാൻ എങ്ങനെയാണ് ഈ (മഹാഗത്ബന്ധൻ) സഖ്യത്തിലേക്ക് വന്നതെന്നും മറ്റെല്ലാ പാർട്ടികളെയും ഒരുമിച്ച് കൊണ്ടുവരാൻ ഞാൻ എങ്ങനെ പ്രവർത്തിച്ചുവെന്നും നിങ്ങൾക്കെല്ലാവർക്കും അറിയാം. എന്നാൽ പിന്നീടങ്ങോട്ട് കാര്യങ്ങൾ നന്നായി നടന്നില്ല. എൻ്റെ പാർട്ടിയിലുള്ളവർക്കും ഇത് നന്നായി പോയില്ല,” നിതീഷ് കുമാർ പറഞ്ഞു.
സ്ഥാനമൊഴിയുന്ന ഉപമുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിൻ്റെ മകനുമായ തേജസ്വി യാദവിൻ്റെ “ജെഡിയു) 2024-ൽ അവസാനിക്കു”മെന്ന അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോൾ, സംസ്ഥാനത്തിൻ്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി തൻ്റെ പാർട്ടി പ്രവർത്തിക്കുമെന്ന് നിതീഷ് കുമാർ പറഞ്ഞു.
“… ഞങ്ങൾ അത് തന്നെ തുടരും, മറ്റൊന്നും ഇല്ല. തേജസ്വി ഒന്നും ചെയ്യുന്നില്ല. ഇപ്പോൾ ഞാൻ (എൻഡിഎ) നേരത്തേ ഉണ്ടായിരുന്നിടത്തേക്കു തന്നെ മടങ്ങി. ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് പ്രസക്തിയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
നിതീഷ് കുമാറിനെയും അദ്ദേഹത്തിൻ്റെ രണ്ട് ഡെപ്യൂട്ടിമാരെയും അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ബീഹാറിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത ദേശീയ ജനാധിപത്യ സഖ്യ (എൻഡിഎ) സർക്കാർ സംസ്ഥാനത്തിൻ്റെ വികസനത്തിനും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും പ്രതിബദ്ധരായിരിക്കുമെന്നു പറഞ്ഞു.