ബിഹാറില്‍ കളം മാറിയ നിതീഷിൻ്റെ സ്ഥാനാരോഹണം ഇന്ന്

ബിഹാറിൽ ജെഡിയു – ആർജെഡി -കോൺഗ്രസ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായ നിതീഷ്കുമാർ മുന്നണി വിട്ട് ബിജെപി പിന്തുണയോടെ ഇന്ന് വീണ്ടും മുഖ്യമന്ത്രിയാകും . രാജിവച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമോ അതോ രാജി വയക്കതേ തന്നെ തുടരുമോ എന്ന് കാത്തിരുന്നു കാണാം. രാജിയില്ലെങ്കിൽ ആർജെഡി മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന. സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായും ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഢയും ബിഹാറിൽ എത്തും.

ബിജെപിയും നിതീഷ് കുമാറിന്റെ പാർട്ടിയായ ജനതാദള്‍ യുണൈറ്റഡും (ജെഡിയു) വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജന ചർച്ചകളുടെ അന്തിമഘട്ടത്തിലേക്ക് എത്തിയതായും റിപ്പോർട്ട് പറയുന്നു. ബിഹാറിലെ എല്ലാ ബിജെപി എംഎല്‍എമാരും നിതീഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കത്ത് നല്‍കി.

2022 ഓഗസ്റ്റില്‍ മഹാസഖ്യം രൂപീകരിക്കുന്നതിനായി ബിജെപിയെ തഴഞ്ഞ നിതീഷ് കുമാർ കോണ്‍ഗ്രസും ആർജെഡിയും ഉള്‍പ്പെട്ട ആ സഖ്യത്തിലേക്ക് തിരിച്ചുവരില്ലെന്നതിന്റെ സൂചന കൂടിയാണ് പുതിയ സംഭവവികാസങ്ങള്‍. ബിഹാറിലെ പുതിയ നീക്കങ്ങള്‍ സംബന്ധിച്ച് നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും നേരിട്ട് ചർച്ചകള്‍ നടത്തി .

ബിജെപി, ജെഡിയു എംഎല്‍എമാർക്കായി സ്വന്തം വസതിയില്‍ നിതീഷ് കുമാർ ഇന്ന് വിരുന്നൊരുക്കുന്നുണ്ട്. ശേഷമായിരിക്കും എംഎല്‍എമാർ ഗവർണറെ നേരിട്ട് കണ്ട് നിതീഷിന് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിക്കുക. പുറത്താക്കുന്ന ആർജെഡി മന്ത്രിമാരുടെ സ്ഥാനത്തേക്ക് ബിജെപി എംഎല്‍എമാർ എത്തിയേക്കും. പുതിയ ഉപമുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിലും നിതീഷിന് പ്രധാന പങ്കുണ്ടായിരിക്കും. നിലവിലെ ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവിനെ പുറത്താക്കും.

2025ന് ശേഷം നിതീഷിനെ കേന്ദ്രത്തില്‍ ഉയർന്ന സ്ഥാനം കാത്തിരിക്കുന്നതായും റിപ്പോർട്ടില്‍ പറയുന്നു. മുന്‍ ബിഹാർ ഉപമുഖ്യമന്ത്രിയായിരുന്ന സുശീല്‍ കുമാർ മോദിയെയാണ് ഉപമുഖ്യമന്ത്രിയാക്കാന്‍ നിതീഷ് താല്‍പ്പര്യപ്പെടുന്നത്.

നിതീഷിന്റെ പുതിയ നീക്കങ്ങള്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്ക്കും വെല്ലുവിളിയായിരിക്കുകയാണ്. പഞ്ചാബിലും ഹരിയാനയിലും ആം ആദ്മി പാർട്ടിയും, പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സീറ്റ് പങ്കിടില്ലെന്ന് ഇതിനോടകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു.

ജനുവരി 17ന് നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗമാണ് നിതീഷിന്റെ പുതിയ നീക്കങ്ങള്‍ക്ക് കാരണമായതെന്നാണ് റിപ്പോർട്ടുകള്‍. യോഗത്തില്‍ സഖ്യത്തിന്റെ കണ്‍വീനർ സ്ഥാനത്തേക്ക് നിതീഷിന്റെ പേര് സിപിഎം നേതാവ് സീതാറാം യെച്ചൂരി നിർദേശിക്കുകയും പ്രമുഖ നേതാക്കളെല്ലാം പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മമതാ ബാനർജിക്ക് നിതീഷുമായി അഭിപ്രായ ഭിന്നതയുള്ളതിനാല്‍ തീരുമാനം പിന്നീട് എടുക്കാമെന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്.

Nitish Kumar’s Swearing in likely today in Bihar as BJP backed Chief Minister

More Stories from this section

family-dental
witywide