കൊച്ചി: കൊച്ചി സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ നിവിൻ പോളി നിയമനടപടിയിലേക്ക് നീങ്ങുന്നു. യുവതിയുടെ പരാതിയും ആരോപണങ്ങളും കള്ളമാണെന്നും എഫ് ഐ ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനാണ് നടന്‍റെ തീരുമാനം. ബലാത്സംഗം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഊന്നുകൽ പൊലീസ് നിവിൻ പോളിക്കും മറ്റ് അഞ്ചു പേർക്കുമെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിന്റെ രേഖകളും വിശദാംശങ്ങളും ലഭിക്കാനായി കാത്തിരിക്കുകയാണ് നടൻ. ഇത് ലഭിച്ചാലുടനെ എഫ് ഐ ആർ റദ്ദാക്കണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കും. ഇതിനായി കൊച്ചിയിലെ മുതിർന്ന അഭിഭാഷകനുമായി നിവിൻ കൂടികാഴ്ച നടത്തിയെന്നാണ് വിവരം.
അതേസമയം നിവിനെതിരായ കേസ് അന്വേഷണത്തിനുള്ള സംഘത്തെ ഇതുവരെയും തീരുമാനിച്ചിട്ടില്ല. പരാതി പ്രത്യേക അന്വേഷണ സംഘത്തെ ഏല്പിച്ചിട്ടില്ലെന്ന് എ ഐ ജി പൂങ്കുഴലി വ്യക്തമാക്കി. സിനിമയിലെ പീഡനം അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ യോഗത്തിന് ശേഷം കൊച്ചിയിൽ പ്രതികരിക്കവെയാണ് എ ഐ ജി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് നേര്യമംഗലം സ്വദേശിനിയുടെ പരാതിയിൽ ഊന്നുകൽ പൊലീസ് നടൻ നിവിൻ പോളി അടക്കം ആറ് പേർക്കെതിരെ ബലാത്സംഗ കുറ്റമടക്കം ചുമത്തി കേസ് എടുത്തത്.