മൊത്തം തരികിട, വ്യാജരേഖ; ഒടുവിൽ നിവിൻ പോളി ചിത്രം ‘തുറമുഖം’ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ

തൃശൂർ: നിവിൻ പോളി ചിത്രമായ തുറമുഖത്തിന്‍റെ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ. പാട്ടുരായ്ക്കൽ സ്വദേശിയായ വെട്ടിക്കാട്ടിൽ വീട്ടിൽ ജോസ് തോമസ് (42) എന്നയാളെ ജില്ലാ ക്രൈം ബ്രാഞ്ച് എ സി പി ആർ മനോജ് കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്. വ്യാജരേഖകളുണ്ടാക്കി സിനിമാനിർമ്മാണത്തിന് പണം കണ്ടെത്തിയതിനാണ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ സ്വദേശി ഗിൽബർട്ട് നൽകിയ പരാതിയിൽ ആണ് അറസ്റ്റെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവം ഇങ്ങനെ

വ്യാജ രേഖകള്‍ ഉണ്ടാക്കി ബിസിനസ് ആവശ്യത്തിന് എന്ന പേരില്‍ കോയമ്പത്തൂര്‍ സ്വദേശിയുടെ കൈയില്‍നിന്നും എട്ട് കോടി 40 ലക്ഷം രൂപ വാങ്ങുകയായിരുന്നു. പണം ഉപയോഗിച്ച് സിനിമ നിര്‍മിച്ചെങ്കിലും കാലാവധി കഴിഞ്ഞും പണം മടക്കി നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

അഞ്ചുപേരുടെ പേരില്‍ വ്യാജ പ്രൊഫൈലുകളും രേഖകളും ബിസിനസ് ആവശ്യത്തിലേക്ക് ഉണ്ടാക്കിയാണ് പ്രതി തുക സംഘടിപ്പിച്ചത്. ഇത്തരത്തില്‍ കബളിപ്പിച്ചതിന്റെ പേരില്‍ പ്രതിക്കെതിരേ ഒരു വര്‍ഷം മുമ്പ് അഞ്ചു ക്രൈം കേസുകള്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണസംഘത്തില്‍ തൃശൂര്‍ ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി. മനോജ് കുമാര്‍ ആര്‍, ക്രൈം സ്‌ക്വാഡംഗങ്ങളായ എസ്.ഐ. സുവ്രതകുമാര്‍, എസ്.ഐ. റാഫി പി.എം, സീനിയര്‍ സി.പി.ഒ. പളനിസ്വാമി എന്നിവരാണ് ഉണ്ടായിരുന്നത്.

Nivin Pauly Movie Thuramukham Producer arrested for financial fraud case details