കൊച്ചി: തനിക്കെതിരായ ലൈംഗിക പീഡനക്കേസിൽ പ്രതികരണവുമായി നടൻ നിവിൻ പോളി. ആരോപണം തെറ്റാണെന്നും അത് തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും സോഷ്യൽ മീഡിയയിലൂടെ നിവിൻ പോളി അറിയിച്ചു. ഇതിന് ഉത്തരവാദികളായവരെ വെളിച്ചത്തു കൊണ്ടുവരുമെന്നും നിവിൻ പോളി വ്യക്തമാക്കി. ആരോപണങ്ങളെ നിയമപരമായി നേരിടാനാണ് നടന്റെ തീരുമാനം.
അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ എറണാകുളം ഊന്നുകല്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. നിർമാതാവ് എ.കെ. സുനിലാണ് രണ്ടാം പ്രതി. 2023-ൽ വിദേശത്തുവെച്ചാണ് പീഡനം നടന്നത്. വിദേശത്ത് മറ്റൊരു ജോലിയുമായി ബന്ധപ്പെട്ടാണ് യുവതി പോയത്. അതിനിടയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.
നിവിൻ പോളിക്കെതിരായ അന്വേഷണം പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കും. ശ്രേയ എന്ന സ്ത്രീയാണ് അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്. ശ്രേയയാണ് ഒന്നാം പ്രതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളിൽ എറണാകുളത്ത് റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 11 ആയി.